പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, SFI പ്രവർത്തകരുടെ തല പൊലീസ് തല്ലിപ്പൊട്ടിച്ചു: P S സഞ്ജീവ്

ഹോസ്റ്റലിന്റെ പുറത്തേയ്ക്ക് ഇറങ്ങാത്ത വിദ്യാര്‍ത്ഥികളെപ്പോലും പൊലീസ് തല്ലിച്ചതച്ചുവെന്ന് സഞ്ജീവ് പറഞ്ഞു

പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, SFI പ്രവർത്തകരുടെ തല പൊലീസ് തല്ലിപ്പൊട്ടിച്ചു: P S സഞ്ജീവ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് പി എസ് സഞ്ജീവ് പറഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെയടക്കം തല പൊലീസ് തല്ലിപ്പൊട്ടിച്ചു. തന്നെ അടക്കം പൊലീസ് മര്‍ദിച്ചു. പൊലീസിന്റെ അതിക്രമം എന്തിനായിരുന്നുവെന്ന് സഞ്ജീവ് ചോദിച്ചു.

'യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമിത് ഷായ്ക്ക് എതിരെ ഒരു പ്രതിഷേധം നടക്കുന്നുണ്ട്. അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തിന് ഇവിടെ എത്തിയവര്‍ എന്തിനാണ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് കല്ലും വടിയും തീപ്പന്തവും എറിയുന്നത്. സ്വാഭാവികമായും വിദ്യാര്‍ത്ഥികള്‍ പ്രകോപിതരായി. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. ഇതിന് പിന്നാലെ എസിപിയും പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതിനിടെയാണ് ഞാന്‍ ഇവിടേയ്ക്ക് വരുന്നത്. ഈ സമയം തീപ്പന്തം എറിഞ്ഞതിനെ തുടര്‍ന്ന് തീ പടര്‍ന്നിരുന്നു. ഇത് അണയ്ക്കാന്‍ സഹായിക്കണമെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ സ്ഥലത്തുനിന്ന് മാറ്റി ഫയര്‍ഫോഴ്‌സിനെക്കൊണ്ട് തീ അണപ്പിച്ചു. ഇതിനിടെ നൂറുകണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ന് അകത്തേയ്ക്ക് കല്ലേറ് തുടങ്ങി. സ്വാഭാവികമായും തിരിച്ചും കല്ലേറുണ്ടായി. കന്റോണ്‍മെന്റ് സിഐയും എസ്‌ഐയും കോണ്‍ഗ്രസിന്റെ അടിമപ്പണിയെടുക്കുന്നുണ്ടെങ്കില്‍ അവിടെപ്പോയി എടുത്താല്‍ മതി, ഇങ്ങോട്ട് വരേണ്ട', സഞ്ജീവ് പറഞ്ഞു.

ഹോസ്റ്റലിന്റെ പുറത്തേയ്ക്ക് ഇറങ്ങാത്ത വിദ്യാര്‍ത്ഥികളെപ്പോലും പൊലീസ് തല്ലിച്ചതച്ചു. പൊലീസുകാര്‍ക്ക് മര്യാദ വേണം. പൊലീസുകാരോട് സഹകരിച്ച തങ്ങളെ തല്ലിയോടിക്കുകയാണ് ചെയ്തത്. പ്രശ്‌നമുണ്ടാകരുതെന്ന് കരുതിയ തങ്ങളെ കുറ്റക്കാരാക്കി. ഹോസ്റ്റലിന് ഉള്ളില്‍ പ്രവേശിച്ച് എന്തിന് മര്‍ദിച്ചുവെന്നും സഞ്ജീവ് ചോദിച്ചു. അവര്‍ കൊണ്ടുവന്ന തീപ്പന്തം എങ്ങനെ അകത്തുവന്നു. കോണ്‍ഗ്രസിന് നേരെ കല്ലെറിയാന്‍ മാത്രം നിലവില്‍ കോണ്‍ഗ്രസും എസ്എഫ്‌ഐയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?. തന്നെ നോക്കിവെച്ചാണ് പൊലീസ് അടിക്കുന്നതെന്നും സഞ്ജീവ് പറഞ്ഞു.

Content Highlights- P S Sanjeev alleged that Youth Congress workers created the provocation and that police injured SFI activists during the incident. His statement concerns the circumstances of the confrontation and the actions of police and political activists. 

dot image
To advertise here,contact us
dot image