

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം. വിദ്യാർത്ഥികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹോസ്റ്റലിൽ കയറിയ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം തലസ്ഥാന നഗരിയിൽ തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നടത്തിയ റസിസ്റ്റൻസ് മാർച്ചിനിടെയായിരുന്നു സംഘർഷം. യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഹോസ്റ്റലിൽ നിന്ന് കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷത്തിന് കാരണമെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ യൂത്ത് കോൺഗ്രസുകാരാണ് പ്രകോപനം ഉണ്ടാക്കിയതെന്നാണ് ഹോസ്റ്റൽ വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പ്രവർത്തർ ഹോസ്റ്റൽ വളപ്പിലേയ്ക്ക് പന്തം എറിയുകയും വിദ്യാർത്ഥികൾ കല്ലെറിയുകയും ചെയ്തതാണ് സംഘർത്തിന് കാരണമായത്. പിന്നാലെ കോളേജ് കാമ്പസിൽ കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തർ കോളേജിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും നശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നായിരുന്നു പൊലീസ് ഹോസ്റ്റലിൽ പ്രവേശിച്ചതും വിദ്യാർത്ഥികളെ ലാത്തിച്ചാർജ്ജ് ചെയ്തതും.
സ്ഥലത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനായി പൊലീസ് പറഞ്ഞത് അനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നും എന്നാൽ പൊലീസ് ഏകപക്ഷീയമായി ഹോസ്റ്റലിൽ കടന്ന് കയറി ലാത്തിച്ചാർജ്ജെന്ന പേരിൽ വിദ്യാർത്ഥികളെ തലയ്ക്ക് ഉൾപ്പെടെ അടിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സജ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പ്രകോപനം സൃഷ്ടിച്ചത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നും എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ പിരിച്ച് വിട്ടാൽ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചർച്ചയാകാമെന്ന നിലപാടാണ് എഡിജിപി സ്വീകരിച്ചത്.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ റോഡിൽ കുത്തിയിരുന്ന് ഉപരോധം നടത്തുകയാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും ഉപരോധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടും പൊലീസ് നോക്കുകുത്തിയായി നിന്നെന്ന ആരോപണവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
Content Highlights: university college clash police lathi charge hostel students