'സർക്കാരിന്റെ നയ രൂപീകരണത്തിൽ സ്വകാര്യ കമ്പനി ഇടപെട്ടു,മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളി'

ഇത് വെറുമൊരു ധൂര്‍ത്ത് എന്ന രീതിയില്‍ മാത്രം വിലയിരുത്തേണ്ട കാര്യമല്ലെന്നും പിണറായി വിജയൻ പറഞ്ഞു

'സർക്കാരിന്റെ നയ രൂപീകരണത്തിൽ സ്വകാര്യ കമ്പനി ഇടപെട്ടു,മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളി'
dot image

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'റീ ഇമാജിനിങ് കേരളം' പരിപാടിയിൽ സ്വകാര്യ കമ്പനിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നയരൂപീകരണവും വികസന പരിപ്രേക്ഷ്യവും അതത് കക്ഷികളോ മുന്നണികളോ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് ജനാധിപത്യ രീതിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതാദ്യമായി ഒരു സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തുന്ന തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെ മറ്റു കക്ഷികളുടെയും ഇതിനോടുള്ള പൊതുനിലപാട് വ്യക്തമാക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാട് ജനാധിപത്യ ഭരണരീതിയോടുള്ള അവജ്ഞയും വോട്ടര്‍മാരോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

'റീ ഇമാജിനിങ് കേരളം' പരിപാടിയിൽ പദ്ധതികളുടെ ആസൂത്രണം അടക്കം സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത് പദ്ധതികളുടെ വിശദാംശങ്ങളുടെ രഹസ്യാത്മകതയെ ബാധിക്കുമെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ഒഴിവാക്കി, ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്ലാനിങ് ബോര്‍ഡിനെ തന്നെയും അവഗണിച്ചാണ് കോര്‍പ്പറേറ്റ് ഉപദേശികളെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സാങ്കേതിക ഉപദേശങ്ങള്‍ക്ക് പരിജ്ഞാനമുള്ള ഏജന്‍സികളെ കണ്‍സള്‍ട്ടന്‍സികളായി ഉപയോഗിക്കുന്നതുപോലെയല്ല നയരൂപീകരണവും മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള തീരുമാനവും ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പ്പിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത് വെറുമൊരു ധൂര്‍ത്ത് എന്ന രീതിയില്‍ മാത്രം വിലയിരുത്തേണ്ട കാര്യമല്ല. സര്‍ക്കാരിന്റെ മുന്‍ഗണനയും നയരൂപീകരണവും നടത്തേണ്ടത് ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച രാഷ്ട്രീയ നേതൃത്വമോ ആണ്, അല്ലാതെ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളല്ല. നയരൂപീകരണത്തിന് ചുമതലപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡ് പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും റോളില്ലാതെ ഇതെല്ലാം തീരുമാനിക്കാന്‍ പുറം കരാര്‍ നല്‍കുന്നത് ശരിയായ രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:

യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റ ഉടനെ ധനവകുപ്പ് പുറത്തിറക്കേണ്ട ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചതിലും ഇതേ പാറ്റേണ്‍ കണ്ടതാണ്. രഹസ്യരേഖകളും സര്‍ക്കാര്‍ ഫയലുകളുമെല്ലാം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആ ഘട്ടത്തില്‍ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതേ രീതി പല വിഷയങ്ങളിലും തുടരുകയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

മന്ത്രിമാരുടെ വിദേശ യാത്രകളും ഉപയോഗിക്കുന്ന വാഹനങ്ങളും വരെ അജ്ഞാതരായ പല സ്‌പോണ്‍സര്‍മാരും നിര്‍വ്വഹിക്കുന്ന സ്ഥിതിയാണുള്ളത്. ലക്ഷങ്ങള്‍ ചെലവഴിക്കുന്ന ഇവരുടെ താത്പര്യം എന്താണ് എന്ന് ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാതെ മറ്റാശ്രിതവൃന്ദങ്ങളെ എല്ലാ മേഖലകളിലും നിയോഗിക്കുന്ന രീതി ഭരണനിര്‍വ്വഹണത്തിന്റെ സുതാര്യതയെ ഇല്ലാതാക്കുകയാണ്. ഇങ്ങനെ സ്വകാര്യ മേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നത് അപകടകരവും ഭരണാധികാരികളുടെ പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഹനിക്കുന്ന പ്രവര്‍ത്തിയുമാണ്. സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlights-The Leader of Opposition alleged that a private company had intervened in the Kerala government’s policy formulation. He also criticised the Chief Minister’s position, describing it as a challenge to democracy. 

dot image
To advertise here,contact us
dot image