വഖഫ് ബോര്‍ഡ് പുനഃസംഘടന: ചെയര്‍മാന്‍ സ്ഥാനം സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്?

ബോര്‍ഡ് അംഗമായി ഉമര്‍ ഫൈസി മുക്കത്തിന് പകരം നാസര്‍ ഫൈസി കൂടത്തായിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്

വഖഫ് ബോര്‍ഡ് പുനഃസംഘടന: ചെയര്‍മാന്‍ സ്ഥാനം സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന്?
dot image

കോഴിക്കോട്: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ ചെയര്‍മാന്‍ സ്ഥാനം സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് നല്‍കാന്‍ ആലോചന. യുവനേതാവും അഭിഭാഷകനുമായ ഓണമ്പള്ളി മുഹമ്മദ് ഫൈസിക്കാണ് സാധ്യത. മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയെ ലീഗ് സമീപിച്ചെങ്കിലും അദ്ദേഹം സമ്മതം അറിയിച്ചിട്ടില്ല. ബോര്‍ഡ് അംഗമായി ഉമര്‍ ഫൈസി മുക്കത്തിന് പകരം നാസര്‍ ഫൈസി കൂടത്തായിയെ പരിഗണിച്ചേക്കുമെന്നും വിവരമുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഷ്ട്രീയ പരിഗണനയില്‍ മായിന്‍ ഹാജിക്കാണ്
മുന്‍ഗണന.

വഖഫ് പുനഃസംഘടനയില്‍ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുസ്‌ലിം ലീഗ്. കോടതി വിധി അനുസരിച്ചായിരിക്കും പുനഃസംഘടന നടക്കുക. കെ എസ് ഹംസ ചെയര്‍മാനായ വഖഫ് ബോര്‍ഡ് പിരിച്ചുവിടാനാണ് സര്‍ക്കാര്‍ തീരുമാനം. പുനഃസംഘടനയില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുനഃസംഘടന ഉള്‍പ്പടെയുള്ള ആലോചനകള്‍ ശക്തമാക്കിയിരിക്കുന്നത്.

മുത്തവല്ലി ആയ ഉമര്‍ ഫൈസി മുക്കത്തിന്റെ ഇടത് ആഭിമുഖ്യം ലീഗില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. സിപിഐഎം വേദിയില്‍ താന്‍ സഖാവാണെന്നടക്കം ഉമര്‍ ഫൈസി പറഞ്ഞത് വലിയ വിവാദമായിരുന്നു. ലീഗിനെതിരായ വിമര്‍ശനങ്ങളും പല ഘട്ടത്തില്‍ ഉമര്‍ ഫൈസി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തില്‍ അടക്കം ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് ഉമര്‍ ഫൈസി മുക്കത്തിനെക്കൂടി ബോര്‍ഡില്‍ നിന്നൊഴിവാക്കാനും പകരം നാസര്‍ ഫൈസി കൂടത്തായിയെ കൊണ്ടുവരാനുമുള്ള നീക്കം നടക്കുന്നത്.

വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോഴും രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കേസിലെ അന്തിമവിധി വന്നതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം വഖഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കത്തെ കുറിച്ച് അറിയില്ലെന്നാണ് കെ എസ് ഹംസ പ്രതികരിച്ചത്. പിരിച്ചുവിടല്‍ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ തന്നെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നയപരമായ തീരുമാനം ലീഗ് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട വഖഫ് ബോര്‍ഡിന് അഞ്ച് വര്‍ഷം കാലാവധി ഉള്ളത് നിയമപരമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പ്രതിസന്ധിയായിരുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തനിതെനിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്. ആ പഴുത് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ലീഗിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ബോര്‍ഡ് പിരിച്ചുവിട്ടുള്ള വിജ്ഞാപനം പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Content Highlights: Amid the proposed reorganisation of the Waqf Board, discussions are reportedly underway over whether the chairman post could go to the IUML-supporting faction of Samastha.

dot image
To advertise here,contact us
dot image