

തിരുവനന്തുരം: സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്‌റെ ഫലം ഇന്നറിയാം.
വോട്ടെണ്ണല്‍ രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭിക്കും. 12 ജില്ലകളിലെ 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പില്‍ 58.81% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂര്‍ ജില്ലയിലാണ്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് കോട്ടയം ജില്ലയിലാണ്.
കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
തദ്ദേശ ജനപ്രതിനിധികള്‍ എംഎല്‍എമാരായതോടെയാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇവിടങ്ങളിലെ ഫലം ഇരുമുന്നണികള്‍ക്കും വളരെയേറെ നിര്‍ണായകമാണ്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടന്ന ആദ്യ തെഞ്ഞെടുപ്പായിരുന്നു ഇത്. സീറ്റുകള്‍ നിലനിര്‍ത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫിന് കഴിയുമോ, അതോ കൂടുതല്‍ സീറ്റുകള്‍ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കാന്‍ എല്‍ഡിഎഫിനാകുമോ, രണ്ടിലൊന്ന് ഉടനറിയാം.
ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന നിലയിലാകും വിലയിരുത്തപ്പെടുക. പ്രിയദര്‍ശിനി പദ്ധതി, ആശമാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചത്, വി ഡി സസീശന്റെ വികസന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് യുഡിഎഫ് പാളയം പ്രചാരണായുധമാക്കിയിരുന്നതെങ്കില്‍ കറണ്ട് കട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ആയുധമാക്കിയത്. പൊരുതി നോക്കാന്‍ ബിജെപിയും കളത്തിലുണ്ടായിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസം പ്രായമാകുമ്പോള്‍ തന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്ന സാഹചര്യം മുന്നിലുള്ളതും യുഡിഎഫിന് വെല്ലുവിളിയാണ്. യുഡിഎഫ് അവകാശപ്പെടുന്നതുപോലെ ബേബി ഫേസിലുള്ള സര്‍ക്കാര്‍ നേരിടുന്ന കേവലം ആരോപണങ്ങള്‍ മാത്രമാണോ ഇതെന്നും വി ഡി സതീശന്‍ സര്‍ക്കാരിന് ഇളവ് ലഭിക്കുമോയെന്നും ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ചൂണ്ടിക്കാട്ടപ്പെടും.
Content Highlights: kerala local body bypoll results to be announced today