ഡല്‍ഹിയിലെ ബെല എസ്റ്റേറ്റിലെ 727 പേരുടെ വോട്ട് വെട്ടി; ലിസ്റ്റിലുള്ളത് ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി

വിഷയത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ചു

ഡല്‍ഹിയിലെ ബെല എസ്റ്റേറ്റിലെ 727 പേരുടെ വോട്ട് വെട്ടി; ലിസ്റ്റിലുള്ളത് ഒരാള്‍; ആരോപണവുമായി രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബെല എസ്റ്റേറ്റിലെ 728 വോട്ടര്‍മാരില്‍ ഒരാള്‍ക്ക് മാത്രമാണ് എസ്‌ഐആറിന് ശേഷം പട്ടികയിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്ന, പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. വിഷയത്തില്‍സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ചു.

2023ല്‍ ഇവരുടെ വീടുകള്‍ പൊളിച്ചുനീക്കിയെങ്കിലും ഇവര്‍ മറ്റൊരിടത്തേക്ക് പോയിട്ടില്ലെന്നും ഇപ്പോഴും ഇവിടെ തന്നെയാണ് താമസിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'വീടുണ്ടോ ഇല്ലയോ എന്നതിന് വോട്ട് ചെയ്യാനുള്ള അവകാശവുമായി ബന്ധമില്ല. ഭവനരഹിതര്‍ക്കായി ഹൗസ് നമ്പര്‍ സീറോ അനുവദിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും 727 പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു' രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് എസ്‌ഐആര്‍ അല്ലെന്നും വോട്ട് ചോരിയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞാലും അദ്ദേഹത്തെക്കൊണ്ട് ഇത്തരം നടപടികള്‍ ചെയ്യിച്ച സംവിധാനവും മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പുതിയ സംഭവവികാസം. ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ജന്തര്‍ മന്തര്‍ മാതൃകയിലുള്ള പ്രതിഷേധവും രാജ്യവ്യാപക പ്രക്ഷോഭവും വീണ്ടും സംഘടിപ്പിക്കുമെന്ന് കോക്രോച്ച് ജനതാപാർട്ടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരായ പ്രതിഷേധം ശക്തമായത്. രാജ്യവ്യാപകമായി നടക്കുന്ന വോട്ടര്‍പട്ടിക പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത തീരുമാനങ്ങളില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കുറഞ്ഞത് 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു.

Content Highlights: Rahul Gandhi alleges that 727 of 728 voters in Delhi’s Bela Estate were removed from the electoral roll after SIR and questioned the Election Commission over the action

dot image
To advertise here,contact us
dot image