മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: 'പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നു'; കോണ്‍ഗ്രസില്‍ അതൃപ്തി

മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യമായിരുന്നുവെന്നും വിമർശനമുണ്ട്

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: 'പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നു'; കോണ്‍ഗ്രസില്‍ അതൃപ്തി
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. വിഷയം പക്വമായ രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. വിമാനയാത്ര സ്‌പെണ്‍സര്‍ ചെയ്തത് മലയായിളായ ഒരു സുഹൃത്താണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യമായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തി നാല് മാസം പൂര്‍ത്തിയാകുന്ന വേളയില്‍ ഇങ്ങനെ ഒരു വിവാദം ശോഭ കെടുത്തും. ജനങ്ങള്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

കര്‍ണാടകയിലെ കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനത്തിലായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് യാത്ര ചെയ്തത്. കരാര്‍ പുതുക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ചിപ്‌സണ്‍ ഏവിയേഷനായിരുന്നു വിമാന യാത്രയ്ക്കുള്ള പണം ചെലവാക്കിയത്. 19,88,595 രൂപയായിരുന്നു നാല് മണിക്കൂര്‍ വിമാന യാത്രയ്ക്കായി ചെലവായത്. സംഭവം വിവാദമായപ്പോള്‍ ഇതേപ്പറ്റി മുഖ്യമന്ത്രി വി ഡി സതീശനോട് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞിരുന്നു. വിമാനം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും മലയാളിയായ ഒരു സുഹൃത്താണ് പണം ചെലവാക്കിയതെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. ആരാണ് സ്‌പോണ്‍സര്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സുഹൃത്തിന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നായിരുന്നു സതീശന്‍ പറഞ്ഞത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-ാം തീയതിയായിരുന്നു വി ഡി സതീശന്റെ വിവാദ മലപ്പുറം ഫ്‌ളൈറ്റ് യാത്ര. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രി യാത്ര നടത്തിയത്. ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. ചിപ്‌സണ്‍ ഏവിയേഷന്റെ പേര് കൂടി ഉയര്‍ന്നതോടെ പ്രതിപക്ഷം ആരോപണം ശക്തമാക്കി. കരാര്‍ പുതുക്കുന്നതിനുള്ള ചിപ്‌സണ്‍ ഏവിയേഷന്റെ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ നടന്ന വിമാനയാത്രയ്ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്തിനെങ്കിലുമുള്ള പ്രതിഫലമാണോയെന്നുള്ള സംശയവും പ്രതിപക്ഷം ഉയര്‍ത്തിരുന്നു.

Content Highlights- Congress has expressed dissatisfaction over the handling of a controversy involving Kerala Chief Minister V D Satheesan's flight journey. Party members said the issue should have been handled in a more mature manner. 

dot image
To advertise here,contact us
dot image