വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന നിലയിലാകും വിലയിരുത്തപ്പെടുക

വിധി എഴുത്ത് ഇന്ന്; ഉപതെരഞ്ഞെടുപ്പ് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറുമണിക്ക് വിധിയെഴുത്ത് അവസാനിക്കും. 126 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സുധീര്‍ഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാര്‍, ഉഷ വിജയന്‍, ദീപക് ജോയ്, ഫാത്തിമ തഹലിയ എന്നിവര്‍ എംഎല്‍മാരായ സാഹചര്യത്തില്‍ രാജിവച്ച ആറിടത്തും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നാളെയാണ് വോട്ടെണ്ണല്‍ നടക്കുക. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം നടക്കുന്ന ആദ്യ ഉപതെഞ്ഞെടുപ്പാണ് ഇതെന്നതും പ്രത്യേകതയാണ്. സീറ്റുകള്‍ നിലനിര്‍ത്തി ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ച് തിരിച്ചുവരവിന്റെ പാതയിലാണെന്ന് തെളിയിക്കുകയാവും എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.

കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്ന നിലയിലാകും വിലയിരുത്തപ്പെടുക. പ്രിയദര്‍ശിനി പദ്ധതി, ആശമാര്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിച്ചത്, വി ഡി സസീശന്റെ വികസന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളാണ് യുഡിഎഫ് പാളയം പ്രചാരണായുധമാക്കുന്നതെങ്കില്‍ കറണ്ട് കട്ട് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ആയുധമാക്കിയത്. പൊരുതി നോക്കാന്‍ ബിജെപിയും കളത്തിലുണ്ട്.

സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മാസം പ്രായമാകുമ്പോള്‍ തന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിടുന്ന സാഹചര്യം മുന്നിലുണ്ട്. വിമാനയാത്രയുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് വിവാദം, മന്ത്രിമാരുടെ വിദേശയാത്ര, കെ എം ഷാജിക്കെതിരായ ആഡംബര കാര്‍ യാത്രാ വിവാദം, ബന്ധു നിയമനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഒരു ഭാഗത്തെങ്കില്‍ ഏറ്റവും താഴെത്തട്ടിലുള്ള അടിസ്ഥാനവിഭാഗത്തെ ബാധിച്ച കറന്റ് കട്ടും ആരോഗ്യമേഖലയിലെ പ്രതിസന്ധിയും മറ്റൊരു വശത്തുണ്ട്. യുഡിഎഫ് അവകാശപ്പെടുന്നതുപോലെ ബേബി ഫേസിലുള്ള സര്‍ക്കാര്‍ നേരിടുന്ന കേവലം ആരോപണങ്ങള്‍ മാത്രമാണോ ഇതെന്നും വി ഡി സതീശന്‍ സര്‍ക്കാരിന് ഇളവ് ലഭിക്കുമോയെന്നും ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ചൂണ്ടിക്കാട്ടപ്പെടും.

പത്ത് വര്‍ഷത്തെ പിണറായി ഭരണകാലം എത്ര മികച്ചതായിരുന്നുവെന്ന പ്രചാരണമാണ് ഇടതുപക്ഷം ശക്തമാക്കിയത്. വി ഡി സതീശന്റെ പ്രവര്‍ത്തനശൈലിയും സമീപനവും പവര്‍ക്കട്ടും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് താഴെത്തട്ടിലെ എല്‍ഡിഎഫ് പ്രചാരണം. പ്രിയദര്‍ശിനി പദ്ധതി ഉള്‍പ്പെടെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഓണം മികച്ച നിലയില്‍ കൈകാര്യം ചെയ്തതിലെ ജനപിന്തുണ, വി ഡി സതീശന്റെ വികസന കാഴ്ച്ചപ്പാട് എന്നിവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നത്. സര്‍ക്കാര്‍ ബേബി ഫേസില്‍ ആണെന്നും ഖജനാവ് കാലിയാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിയതെന്നും പവര്‍ക്കട്ടിന് ഉള്‍പ്പെടെ വഴിവെച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമെന്നും യുഡിഎഫ് പ്രചാരണത്തില്‍ ശക്തമാക്കിയിരുന്നു. എന്നിരുന്നാലും ഉപതെരഞ്ഞെടുപ്പില്‍ നേരിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പോലും തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും യുഡിഎഫിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാവുമെന്നുമാണ് എല്‍ഡിഎഫ് കണക്ക് കൂട്ടുന്നത്. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ലഭിച്ച ജനപിന്തുണ തുടരുമെന്ന് യുഡിഎഫിന് അവകാശപ്പെടാം.

Content Highlights: Polling has begun in 38 wards across local self-government institutions in Kerala, with 126 candidates in the fray. Voting will continue from 7 am to 6 pm, while counting is scheduled for tomorrow. The by-elections include six wards where elected representatives resigned after becoming MLAs. This is the first local body by-election since the UDF government assumed office, with both UDF and LDF seeking to demonstrate their respective political positions.

dot image
To advertise here,contact us
dot image