മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: യാത്രയുടെ പണം അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍; രേഖകള്‍ റിപ്പോര്‍ട്ടറിന്

ചിപ്സണ്‍ന്റെ മറവില്‍ മറ്റൊരു വ്യവസായി ഉണ്ടോ എന്നതിലും സംശയമുണ്ട്

മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്ര: യാത്രയുടെ പണം അടച്ചത് ചിപ്‌സണ്‍ ഏവിയേഷന്‍; രേഖകള്‍ റിപ്പോര്‍ട്ടറിന്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ വിമാന യാത്രയുടെ ചെലവ് 19,88595 രൂപയാണെന്ന് വ്യക്തമാക്കുന്ന ഇന്‍വോയിസിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. കേളചന്ദ്ര ഏവിയേഷന്‍ ചിപ്‌സണ്‍ ഏവിയേഷന് നല്‍കിയതാണ് ഇന്‍വോയിസ്. മുഖ്യമന്ത്രി സഞ്ചരിച്ച കേളചന്ദ്രയുടെ വിമാനത്തിന് പണമടച്ചത് ചിപ്‌സണ്‍ ഏവിയേഷനായിരുന്നു. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ വിമാന യാത്രയിലെ ദുരൂഹത തുടരുകയാണ്. സൗജന്യ വിമാനയാത്ര ഒരുക്കിയത് ചിപ്‌സണ്‍ എവിയേഷന്‍ ആണോ അതോ ചിപ്സണ്‍ന്റെ മറവില്‍ മറ്റൊരു വ്യവസായി ഉണ്ടോ എന്നതിലും സംശയമുണ്ട്.

ഈ മാസം 21ന് കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലാണ് വി ഡി സതീശന്‍ മലപ്പുറത്തേയ്ക്ക് ചാര്‍ട്ടേഡ് വിമാന യാത്ര നടത്തിയത്. ഇതേ ദിവസം തന്നെയാണ് കേളചന്ദ്ര ഏവിയേഷന് ചിപ്‌സണ്‍ ഏവിയേഷന്‍ 19 ലക്ഷത്തിലധികം രൂപ നല്‍കിയത്. ഇതിന്റെ ഇന്‍വോയിസ് ആണ് ഇപ്പോള്‍ പുറത്ത് വന്നത്.

വിമാന-ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തില്‍ ആവർത്തിച്ചിരുന്നു. മലയാളിയായ ഒരു പരിചയക്കാരനാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം അറേഞ്ച് ചെയ്തു തന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കാനില്ലെന്നും ഇനിയും ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണെന്നും വി ഡി സതീശന്‍ ന്യായീകരിച്ചിരുന്നു.

മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്‌പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു.

Content Highlights: Documents obtained by Reporter indicate that Chipson Aviation paid Rs 19.88 lakh to arrange the chartered aircraft used by Chief Minister V D Satheesan.

dot image
To advertise here,contact us
dot image