സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്: 'ആദ്യഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ല'; ഡിജിപി റവാഡ ചന്ദ്രശേഖര്‍

ഇഡി തന്ന തെളിവുകള്‍ പൊലീസിന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിജിപി പറഞ്ഞു

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ്: 'ആദ്യഘട്ടത്തില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ല'; ഡിജിപി റവാഡ ചന്ദ്രശേഖര്‍
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസിലെ ഇഡി കത്തില്‍ ആദ്യം നടക്കുന്നത് പ്രാഥമിക അന്വേഷണം എന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ആദ്യം വിജിലന്‍സ് അന്വേഷണം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് പ്രഥമിക അന്വേഷണം നടത്തും. എസ്‌ഐടി രൂപീകരിച്ച് ഉത്തരവ് ഉടന്‍ ഇത്തരവിറക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇഡി തന്ന തെളിവുകള്‍ പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇഡിയുടെ തെളിവുകളില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലെന്നും കേസ് എടുക്കാന്‍ പ്രഥമിക പരിശോധന നടത്തണമെന്നുമാണ് ഡിജിപി വ്യക്തമാക്കിയത്. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്‌ഐടി രൂപീകരിച്ചാല്‍ ഇ ഡി ഉദ്യോഗസ്ഥരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. ഇഡി കത്തിലെ ഹവാല ഇടപാട് പരാമര്‍ശങ്ങളും അന്വേഷണ പരിധിയില്‍ വരും എന്നാണ് വിവരം. ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അന്വേഷണം നടത്താനുള്ള തീരുമാനം. ഏത് നിലയിലുള്ള അന്വേഷണമാണ് നടത്തേണ്ടത് എന്നതിൽ സംസ്ഥാന പൊലീസ് മേധാവി ആകും തീരുമാനമെടുക്കുക എന്നാണ് അറിയിച്ചത്.

എന്നാല്‍ ഒരു ഔദ്യോഗിക അറിയിപ്പ് ഇപ്പോഴും ഡിജിപിക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറത്തിറക്കും എന്നാണ് വിവരം. ഇതിന് ശേഷമാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാകും അന്വേഷണം എന്നാണ് നിഗമനം. എസ്ഐടിയില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍ വേണമെന്നതിനെ സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച ഇന്നലെ ഉന്നത തലത്തില്‍ നടന്നിരുന്നു. മുന്‍ എസ്ഐടികളില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാകും ഇതില്‍ ഉള്‍പ്പെടുത്തുക. ഇഡിയുടെ കണ്ടെത്തലില്‍ ആണ് വിശദമായ പരിശോധന ആദ്യഘട്ടത്തില്‍ നടത്തുന്നത്.

ഇഡി ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്താനും എസ്ഐടി നീക്കമുണ്ട്. അതിന് ശേഷം മാത്രമായിരിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അടക്കം ചോദ്യം ചെയ്യുക. പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് ആദ്യ ഘട്ടത്തില്‍ എസ്ഐടി ലക്ഷ്യമിടുന്നത്. ഇഡി കത്തിലെ കൈക്കൂലി, ഹവാല എന്നീ ആരോപണങ്ങളില്‍ പ്രത്യേകം അന്വേഷണമാകും നടത്തുക. ഇഡി ആരോപണങ്ങളില്‍ തെളിവുകള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ പിണറായിക്കോ റിയാസിനോ എതിരെ കേസ് എടുക്കാന്‍ സാധിക്കൂ എന്നതാകും എസ്ഐടിക്ക് മുന്നിലെ വെല്ലുവിളി.

Content Highlights: DGP Ravada Chandrasekhar said the first step in the CMRL-Exalogic case based on the ED letter will be a preliminary police inquiry, with no Vigilance investigation at the initial stage. An SIT will be formed soon to examine the evidence provided by the ED and assess whether a case should be registered. The DGP said the inquiry is not due to a lack of confidence in the ED’s evidence and added that a time limit will be set for the investigation

dot image
To advertise here,contact us
dot image