

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയിൽ വിവാദം പുകയുന്നു. യാത്ര സര്‍ക്കാര്‍ ചെലവിലല്ലെന്ന് പറയുമ്പോഴും സ്‌പോണ്‍സര്‍ ആരാണെന്നതില്‍ വ്യക്തതയില്ലെന്നും അത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സ്വകാര്യ വ്യക്തികളുടെ സൗജന്യം വാങ്ങുന്നത് അഴിമതിയും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
'അധികചെലവില്ലെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ സര്‍ക്കാരിനാവില്ല. ഒരു ലക്ഷ്യവുമില്ലാതെ ആരെങ്കിലും സഹായത്തിനു മുതിരുമോ?' വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്. ഏതെങ്കിലും തരത്തിലുള്ള മമതയോ പ്രീതിയോ ഇല്ലാതെ ഭരണചുമതല നിര്‍വഹിക്കുമെന്നാണ് സത്യപ്രതിജ്ഞ. അതിനു വിരുദ്ധമായാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
സ്‌പോണ്‍സേഡ് സര്‍ക്കാരാണോ ഇപ്പോഴുള്ളതെന്ന് എന്ന ചോദ്യവുമായി പി രാജീവും രംഗത്തെത്തി. ദുരൂഹമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് പി രാജീവ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. മംഗലാപുരം യാത്ര വിവാദമായ ഘട്ടത്തില്‍ ഒരു വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഇത് ജനങ്ങളില്‍ വലിയ സംശയം ഉളവാക്കും. ഈ സര്‍ക്കാര്‍ സ്പോണ്‍സേഡ് സര്‍ക്കാരായി മാറി. എല്ലാത്തിനും ടെന്‍ഡര്‍ ഉണ്ടോ എന്നായിരുന്നു അവര്‍ മുന്‍പ് ചോദിച്ചിരുന്നതെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഫ്ളൈറ്റ് യാത്രയ്ക്ക് പിന്നില്‍ ബിനാമിയാണോ എന്ന ചോദ്യമുയര്‍ത്തിയായിരുന്നു വിജിന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി ദുരന്തമുഖത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ ചെലവിലാണ് പോകേണ്ടത്. ഇതില്‍ ഗൗരവമുള്ള അന്വേഷണം വേണം. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് സ്പോണ്‍സര്‍മാര്‍ നിരന്ന് നില്‍ക്കുകയാണെന്നും വിജിന്‍ പരിഹസിച്ചു.
Content Highlights: A controversy has emerged over the Kerala Chief Minister’s chartered flight journey to Malappuram. Opposition leaders questioned the sponsor details and transparency of the trip, while the government maintained that it was not funded by the state