പത്തനംതിട്ട പള്ളി സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണം: മൂന്ന് ഗ്രാനൈറ്റ് തൊഴിലാളികൾ പിടിയിൽ

ഇളക്കി മാറ്റാന്‍ പറ്റുന്ന രീതിയിലാണ് പ്രതികള്‍ ഗ്രാനൈറ്റ് സ്ഥാപിക്കുക

പത്തനംതിട്ട പള്ളി സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണം: മൂന്ന് ഗ്രാനൈറ്റ് തൊഴിലാളികൾ പിടിയിൽ
dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കന്യാകുമാരി സ്വദേശി സുന്ദര്‍ സിംഗ് , വെസ്റ്റ് ബംഗാള്‍ സ്വദേശി സുര്‍ജിത്, മല്ലപ്പള്ളി സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്. കീഴ്‌വായ്പൂർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ഗ്രാനൈറ്റ് തൊഴിലാളികളാണ് പ്രതികള്‍. മല്ലപ്പള്ളിയില്‍ മാതാ ഗ്രാനൈറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുകയായാണിവര്‍.

ഓഡർ പ്രകാരം പ്രതികള്‍ കല്ലറയില്‍ ഗ്രാനൈറ്റ് സ്ഥാപിക്കും. പിന്നീട് അതേ കല്ലറയില്‍ നിന്ന് പ്രതികള്‍ ഗ്രാനൈറ്റ് മോഷ്ടിക്കും. മോഷ്ടിച്ച ഗ്രാനൈറ്റ് ഓഡര്‍ കിട്ടുന്ന മറ്റ് കല്ലറകളിലേക്ക് പ്രതികള്‍ തന്നെ മാറ്റി സ്ഥാപിക്കും. ഇളക്കി മാറ്റാന്‍ പറ്റുന്ന രീതിയിലാണ് പ്രതികള്‍ ഗ്രാനൈറ്റ് സ്ഥാപിക്കുക. പ്രതികളില്‍ ഒരാളുടെ കാറിലാണ് മോഷ്ടിച്ച ഗ്രാനൈറ്റ് കടത്തുക. ഗ്രാനൈറ്റ് കയറ്റി വെയ്ക്കാന്‍ കാറില്‍ സീറ്റ് പ്രത്യേക രീതിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കല്ലറയില്‍ ഗ്രാനൈറ്റ് സ്ഥാപിക്കാന്‍ 45,000 രൂപ വരെ ഈടാക്കിയെന്നാണ് വിവരം. പൊലീസ് അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്ത് വന്നത്. പ്രതികള്‍ ഗ്രാനൈറ്റ് കടയില്‍ ഷട്ടര്‍ അടച്ചിട്ട് അകത്ത് മദ്യപിച്ചു കൊണ്ടിരിക്കുമ്പോഴാണ് പൊലീസ് എത്തി ഇവരെ പിടികൂടിയത്.

ആനിക്കാട് നൂറാമാവ് സെന്റ് തോമസ് മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറിയിൽ നിന്നാണ് ഗ്രാനൈറ്റ് മോഷ്ടിച്ചത്. മല്ലപ്പള്ളിയിലെ സെമിത്തേരികളില്‍ നടന്ന മോഷണങ്ങൾക്ക് സമാനമായ രീതിയിലായിരുന്നു ഇവിടെയും ഗ്രാനൈറ്റ് കടത്തിയിരിക്കുന്നത്. സംഭവത്തില്‍ പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മുമ്പ് നടന്ന മോഷണങ്ങളില്‍ പ്രതികളെ ഇതുവരെ പിടികൂടിയിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്. കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത് മൂന്നാം തവണയാണ് കല്ലറകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്രാനൈറ്റുകള്‍ മോഷണം പോകുന്നത്.

കല്ലറ നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത് നടത്തുന്നവരാകാം മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. നേരത്തെ മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെയും മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലെയും കല്ലറികളിലാണ് മോഷണം നടന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് മോഷണം നടത്താനാവില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നു. ഗ്രാനൈറ്റ് സ്ലാബുകള്‍ വാഹനങ്ങളുടെ സഹായമില്ലാതെ കൊണ്ടുപോകാന്‍ കഴിയില്ലെന്നും നിരവധി പേര്‍ സംഘത്തിലുണ്ടാകുമെന്നുമാണ് പൊലീസ് പറഞ്ഞിരുന്നത്.

Content Highlights: Three granite workers were arrested in connection with the theft of granite from church cemeteries in Pathanamthitta.

dot image
To advertise here,contact us
dot image