

തിരുവനന്തപുരം: ഐഡിഎസ്എഫ്എഫ്‌കെയില്‍ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലത്തിന് കത്തുനല്‍കി. പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് ചലച്ചിത്ര അക്കാദമി കത്തില്‍ വ്യക്തമാക്കുന്നു. ചലച്ചിത്രപ്രവര്‍ത്തകരും ജൂറി അംഗങ്ങളും ഇതിനകം തന്നെ യാത്രാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അന്താരാഷ്ട്ര വിഭാഗത്തിലെ ചിത്രങ്ങള്‍ മേളയില്‍ എത്തിക്കുന്നതിനായി വിതരണക്കമ്പനികള്‍ക്ക് പ്രദര്‍ശന ഫീസ് നല്‍കി. അതിനാല്‍ പ്രദര്‍ശന ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് അനുവദിക്കുന്ന കാര്യം പുന:പരിശോധിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 25 മുതല്‍ 30 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. 'ഗ്ളോബ്' എന്ന മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എ എ റഹീം എം പി ഫേസ്ബുക്കിൽ കുറിച്ചു. കലയേയും സർഗ്ഗാത്മകതയെയും ഭയക്കുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ഇത്തരം വിലക്കുകളുമായി മുന്നോട്ട് പോകാൻ സാധിക്കൂ. സമൂഹത്തിലെ യാഥാർത്ഥ്യങ്ങൾ, മനുഷ്യരുടെ അതിജീവന പോരാട്ടങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ, വർത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ തുറന്നുകാട്ടുന്ന ഡോക്യുമെന്ററികളെയാണ് കേന്ദ്ര സർക്കാർ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോക്യുമെന്ററികൾക്ക് അനുമതി നിഷേധിച്ചതിലൂടെ എന്ത് സന്ദേശമാണ് കേന്ദ്രം നൽകാൻ ശ്രമിക്കുന്നതെന്ന് എ എ റഹീം എം പി ചോദിച്ചു. സിനിമയും കലയും കേവലം വിനോദം മാത്രമല്ല, അത് പ്രതിരോധത്തിന്റെ കൂടെ മാധ്യമമാണ്. വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശബ്ദമുയർത്തേണ്ടതുണ്ട്. ചലച്ചിത്ര മേളകളുടെ സ്വതന്ത്രമായ നിലനിൽപ്പിനും, അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷഷണത്തിനുമായി ഇടതുപക്ഷം എപ്പോഴും മുന്നിലുണ്ടാകും.അനുമതി നിഷേധിച്ച തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: kerala film academy seeks review of idsffk screening permission decision