സനൽകുമാർ ശശിധരൻ്റെ സമരം പ്രതിഷേധാർഹം; മഞ്ജുവാര്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

സനൽകുമാർ ശശിധരൻ്റെ സമരം പ്രതിഷേധാർഹം

സനൽകുമാർ ശശിധരൻ്റെ സമരം പ്രതിഷേധാർഹം; മഞ്ജുവാര്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ
dot image

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നടി മഞ്ജു വാര്യര്‍ക്കെതിരെ നടത്തുന്ന അപകീര്‍ത്തി പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്‌ഐ. മഞ്ജു വാര്യര്‍ക്കെതിരെ സനല്‍കുമാര്‍ ശശിധരന്‍ പൊതുസമൂഹത്തിന് മുന്നില്‍ നടത്തുന്ന വ്യക്തിഹത്യയും സമരവും ഹീനവും പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തില്‍ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്നും ഡിവൈഎഫ്‌ഐ അഭിപ്രായപ്പെട്ടു. മഞ്ജുവാര്യര്‍ക്ക് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് എതിരെ മാനനഷ്ടകേസുമായി മഞ്ജു വാര്യര്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ സനല്‍ കുമാര്‍ ശശിധരന് സമന്‍സ് അയയ്ക്കും. ഹര്‍ജി കോടതി നവംബര്‍ അഞ്ചിന് പരിഗണിക്കുമെന്നാണ് വിവരം. യൂട്യൂബർ ഷാജൻ സ്‌കറിയയും മെറ്റയും മറുപടി നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സനല്‍ കുമാര്‍ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.

ഡിവെെഎഫ്ഐ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

പ്രശസ്ത നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ പൊതുസമൂഹത്തിന് മുന്നിൽ നടത്തുന്ന വ്യക്തിഹത്യയും സമരവും ഹീനവും പ്രതിഷേധാർഹവുമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള അറിയപ്പെടുന്ന കലാകാരിയായ മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലേക്കും കടന്നുകയറി അവരെ സമൂഹമധ്യത്തിൽ താറടിക്കുന്ന സമീപനം മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. ഒരു സ്ത്രീ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിലും, പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിലും അവർ മാഫിയയുടെ പിടിയിലാണെന്ന് സ്വയം സങ്കൽപ്പിച്ച് നിരന്തരം സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വേട്ടയാടുന്നത് അങ്ങേയറ്റം അപലപനീയമാണ്. മഞ്ജു വാര്യർ തന്നെ ഇദ്ദേഹത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുകയും കോടതി ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടു പോലും അത്തരം ആക്ഷേപങ്ങൾ തുടരുന്നത് നിന്ദ്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലുള്ള ഗൗരവമേറിയ വിഷയങ്ങളെ സ്വന്തം പ്രതികാരചിന്തകൾക്ക് ആയുധമാക്കി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത് ആഭാസകരവും ശുദ്ധമായ സ്ത്രീവിരുദ്ധതയും ബ്ലാക്ക്‌മെയിലിങ്ങും ആണ്.

സ്വന്തം കഠിനാധ്വാനം കൊണ്ട് സമൂഹത്തിൽ മാന്യമായ സ്ഥാനം നേടിയ ഒരു കലാകാരിയുടെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ഹനിക്കുന്ന ഇത്തരം വേട്ടയാടലുകൾ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ചെറുക്കണം, സനൽകുമാർ ശശിധരൻ ഈ അപകീർത്തികരമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം. നടി മഞ്ജുവാര്യർക്ക് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

Content Highlights:DYFI expressed solidarity with actor Manju Warrier in connection with a defamation case.



dot image
To advertise here,contact us
dot image