തോമസ് ഉണ്ണിയാടൻ പാർട്ടിയിൽ നിന്ന് പുറത്തേക്ക്?, കോൺഗ്രസ് പിന്തുണയോടെ മുന്നോട്ടു പോകാൻ തീരുമാനം

പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തന്നെ പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് അദ്ദേഹം

തോമസ് ഉണ്ണിയാടൻ പാർട്ടിയിൽ നിന്ന് പുറത്തേക്ക്?, കോൺഗ്രസ് പിന്തുണയോടെ മുന്നോട്ടു പോകാൻ തീരുമാനം
dot image

തൃശൂര്‍: കേരള കോണ്‍ഗ്രസില്‍ ഒറ്റയ്ക്ക് നില്‍ക്കാന്‍ ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടന്‍. പാര്‍ട്ടി വിട്ട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുന്നോട്ട് പോകാനാണ് ഉണ്ണിയാടന്റെ തീരുമാനം. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തന്നെ പരിഗണിക്കാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് അദ്ദേഹം. ജില്ലകള്‍ തോറും യോഗം വിളിച്ച് പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്ക് കടക്കുകയാണ് ഉണ്ണിയാടന്റെ ലക്ഷ്യം. പി ജെ ജോസഫ് സ്വന്തം മകനുവേണ്ടി പാര്‍ട്ടിയെ ബലി കൊടുത്തു എന്നതാണ് അദ്ദേഹത്തിന്റെ പരാതി.

തിരഞ്ഞെടുപ്പിന് മുമ്പ് വരെ ഇരിഞ്ഞാലക്കുടയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ എതിര്‍പ്പ് ഇല്ലാതാക്കാനായതും തോമസ് ഉണ്ണിയാടന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇന്നലെ തൃശ്ശൂരില്‍ നടന്ന സ്വീകരണ പരിപാടിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കുകയും പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഉണ്ണിയാടനെ അവഗണിച്ച കേരള കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്.

വിഷയത്തില്‍ പരസ്യ പ്രതികരണത്തിലേക്ക് കടക്കാതെ തോമസ് ഉണ്ണിയാടനെ അവഗണിക്കാനാണ് ജോസഫ് വിഭാഗം നേതാക്കളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനോ അനുനയ നീക്കത്തിനോ മുതിരേണ്ടതില്ലെന്നും അത് ഭാവിയില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് നേതൃതത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയിലെ മറ്റ് നേതാക്കളുടെ പിന്തുണ തേടാനുള്ള ഉണ്ണിയാടന്റെ നീക്കത്തെ പ്രതിരോധിക്കാനും ഉണ്ണിയാടന്‍ ഉയര്‍ത്തിയ വിവാദങ്ങളെ കരുതലോടെ നേരിടാനുമാണ് ജോസഫ് ഗ്രൂപ്പ് നേതൃത്വത്തിന്റെ നീക്കം. ഇരിങ്ങാലക്കുടയില്‍ നടന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തിലെ കയ്യാങ്കളി ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന വിലയിരത്തിലിലാണ് ഇരു വിഭാഗങ്ങളും. തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം.

ഇരിങ്ങാലക്കുട എംഎല്‍എയും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടന്‍ മന്ത്രിപദവിയോ ഭരണമുന്നണി ചീഫ് വിപ്പ് പദവിയോ നല്‍കാത്തതില്‍ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സ്വീകരണ പരിപാടി. അതേസമയം ഇരിങ്ങാലക്കുടയിലെ കണ്‍വെന്‍ഷനെക്കുറിച്ച് അറിയില്ലെന്നും ആരെങ്കിലും വിളിച്ചാല്‍ പാര്‍ട്ടി പരിപാടി ആകില്ലെന്നുമായിരുന്നു വിഷയത്തില്‍ തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചത്. ആദരം നല്‍കുന്നത് തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ക്ഷണിതാവ് മാത്രമാണെന്നും അതിന്റെ സംഘാടകരില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ് ഉണ്ണിയാടന്‍. ഉണ്ണിയാടന്‍ പാര്‍ട്ടിക്ക് കീഴ്പ്പെട്ട് നില്‍ക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ഓഗസ്റ്റ് 30ന് തൃശൂരില്‍ നടന്ന പാര്‍ട്ടി ജില്ലാക്കമ്മിറ്റിയോഗത്തില്‍ മുഖ്യപ്രഭാഷകനായി പേര് വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസുമായും ഉണ്ണിയാടന്‍ നല്ല ബന്ധത്തിലല്ല. തൃശൂരില്‍നിന്നുള്ള സംസ്ഥാന വൈസ്ചെയര്‍മാന്‍ എം പി പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല. കേരള കോണ്‍ഗ്രസിന് ഉണ്ണിയാടന്‍ അടക്കം ഏഴ് എംഎല്‍എമാരാണുള്ളത്. മന്ത്രി മോന്‍സ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്.

Content Highlights: Kerala Congress Joseph leader and MLA Thomas Unniyadan has decided to leave the party and move forward with support from Congress

dot image
To advertise here,contact us
dot image