

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമും സംസ്ഥാന സെക്രട്ടറി എം വിജിനും. സ്വകാര്യ വാഹനം ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് എന്തുകൊണ്ട് കെ എം ഷാജിക്ക് മാറേണ്ടിവന്നു എന്നത് മുഖ്യമന്ത്രിയാണ് വിശദീകരിക്കേണ്ടതെന്ന് ചിന്ത ജെറോം പറഞ്ഞു. ക്യാമ്പിനറ്റിലുള്ള ഒരു മന്ത്രിക്ക് ഒരു കാറുപോലും നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലേയെന്ന് ചിന്ത ജെറോം ചോദിച്ചു.
സര്‍ക്കാര്‍ വാഹനമായി പുറത്തുനിന്ന് ഒരു വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ ഗൈഡ്‌ലൈനുണ്ട്. മറ്റൊരു വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ സര്‍ക്കാര്‍ ഉത്തരവ് വേണം. അങ്ങനെ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടോയെന്ന് ചിന്ത ജെറോം ചോദിച്ചു.
കെ എം ഷാജിയുടേത് യഥാര്‍ത്ഥത്തില്‍ സത്യപ്രതിജ്ഞാ ലംഘനമാണ്. ആരോടും പ്രീതിയില്ലാതെ പെരുമാറും എന്നാണ് സത്യപ്രതിജ്ഞ ചെയ്യുന്ന ഘട്ടത്തില്‍ മന്ത്രിമാര്‍ പറയുന്നത്. ഇവിടെ സൗജന്യമായി കാര്‍ ഉപയോഗിക്കാന്‍ ഒരു മന്ത്രിക്ക് സുഹൃത്ത് നല്‍കിയിരിക്കുകയാണ്. മറ്റുള്ളവരോട് പ്രീതിയുണ്ടാകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ യുഡിഎഫ് മന്ത്രി സര്‍ക്കാര്‍ വാഹനം അറബിക്കടലില്‍ എറിഞ്ഞ് കളഞ്ഞാണ് സുഹൃത്തിന്റെ ആഡംബര കാര്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ റേഞ്ച് റോവര്‍ മാത്രമേ ഓടാന്‍ പാടുള്ളൂ എന്നാണോ കെ എം ഷാജി കരുതുന്നത്. എന്തെങ്കിലും ചെയ്തതിന്റെ പ്രതിഫലമാണോ വാഹനം നൽകിയതെന്ന് പരിശോധിക്കണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു.
മന്ത്രി നാല് കോടിയുടെ സ്വകാര്യ വാഹനം ഉപയോഗിക്കുന്നത് ദുരൂഹമെന്നായിരുന്നു എം വിജിന്‍ പറഞ്ഞത്. നിയമ വിരുദ്ധമായ നടപടിയാണത്. മന്ത്രി ഉപയോഗിക്കുന്ന സ്വകാര്യ വാഹനത്തിന് ലോഗ് ബുക്ക് ഉണ്ടോയെന്നും വിജിന്‍ ചോദിച്ചു. ഈ വാഹനം എവിടെ പോകുന്നു, എന്തിന് ഉപയോഗിക്കുന്നു എന്നതിന് രേഖകള്‍ ഉണ്ടാകുമോ?. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. മന്ത്രി വാഹനം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം വിജിന്‍ വ്യക്തമാക്കി.
മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര വിവാദമായിരുന്നു. ആഡംബര വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നുമായിരുന്നു കെ എം ഷാജി വിവാദങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ നല്‍കിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാന്‍ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പര്‍ പതിച്ചതെന്നും കെ എം ഷാജി പറഞ്ഞിരുന്നു.
Content Highlights- DYFI has warned of a strong protest if KM Shaji does not change his vehicle. The organisation raised questions over the vehicle and suggested that its use could be linked to an earlier action or development.