റിപ്പോർട്ടർ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിക്കുന്നു: എം എ ബേബി

മാധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ലെന്നും എം എ ബേബി

റിപ്പോർട്ടർ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിക്കുന്നു: എം എ ബേബി
dot image

ന്യൂഡല്‍ഹി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌ക്കിലെ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പൊലീസ് ഇടപെടല്‍ ചാനലിനെ കടന്നാക്രമിക്കുന്ന നിലയിലായിരുന്നുവെന്ന് എം എ ബേബി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ പാടില്ല. മെസിയുടെ വരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. സംസ്ഥാന സര്‍ക്കാരിന് അവകാശമുള്ള കാര്യമാണത്. എന്നാല്‍ അതിന്റെ പേരിലുള്ള കടന്നാക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്നും എം എ ബേബി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.

പവര്‍കട്ട് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എം എ ബേബി വിമര്‍ശനം ഉന്നയിച്ചു. കറണ്ട് കട്ട് ഒരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ടെന്ന് എം എ ബേബി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണകാലത്ത് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന സാഹചര്യമുണ്ടായിട്ടില്ലെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. വൈദ്യുതി പ്രതിസന്ധി കാരണം ആശുപത്രികളില്‍ ഓപ്പറേഷന്‍ മുടങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഓപ്പറേഷന്‍ ചെയ്യുന്നതിനിടെ പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വന്നശേഷം തുടര്‍ന്നാല്‍ മതിയെന്ന് പറയുന്ന ഒരു ആരോഗ്യമന്ത്രിയാണ് കേരളത്തിലുള്ളത്. പവര്‍കട്ട് അടക്കം കേരളത്തിലെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും എം എ ബേബി പറഞ്ഞു.

Also Read:

കേന്ദ്രസര്‍ക്കാരിന് പൂര്‍ണമായും കീഴടങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലാണെങ്കിലും വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതിലായാലും അത് പ്രകടമാണ്. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുക എന്നതായിരുന്നു ഇതുവരെ സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ അത് ഉപേക്ഷിക്കുന്ന നിലവന്നിരിക്കുകയാണെന്നും എം എ ബേബി പറഞ്ഞു. ബിജെപി നേതാക്കളായ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തിയതിലും എം എ ബേബി പ്രതികരിച്ചു. ഗോള്‍വാള്‍ക്കറിന് മുന്നില്‍ വിളക്ക് കൊളുത്തി നമ്ര ശിരസ്‌കരനായി നിന്ന ഒരു വി ഡി സതീശന്റെ ചിത്രം നമ്മുടെ മുന്നിലുണ്ടെന്നും ഗോള്‍വാള്‍ക്കറെ ആദരിക്കാന്‍ മടിയില്ലാത്ത ആളെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയേയും കണ്ണന്താനത്തെയും കണ്ട് സംസാരിക്കുന്നത് വലിയ വിഷയമായി തോന്നുന്നില്ലെന്നും എം എ ബേബി പറഞ്ഞു.

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി നീക്കത്തിലും എം എ ബേബി ശക്തമായി പ്രതികരിച്ചു. ഇ ഡി നീക്കം സിപിഐഎമ്മിനെ ലക്ഷ്യം വെച്ചുള്ളതാണെന്നായിരുന്നു എം എ ബേബി പറഞ്ഞത്. ബിജെപി ലക്ഷ്യംവെയ്ക്കുന്നത് കേരളമാണ്. കേരളത്തില്‍ ബിജെപിക്ക് കടന്നുകയറാനുള്ള സഹായങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുമെന്ന് ബിജെപി നേതൃത്വത്തിന് അറിയാം. സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്തിയാല്‍ മാത്രമേ ആര്‍എസിഎനും ബിജെപിക്കും കേരളത്തില്‍ രാഷ്ട്രീയ മേധാവിത്വം നേടാന്‍ കഴിയൂ. ഇപ്പോഴത്തേത് ആ സൂക്ഷ്മ ലക്ഷ്യത്തോടെ നടക്കുന്ന നീക്കങ്ങളാണ്. അതിനോട് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും സഹകരിക്കുന്നു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം എ ബേബി വ്യക്തമാക്കി.

Content Highlights- CPI(M) leader M A Baby has strongly condemned the reported police action at the Reporter news desk

dot image
To advertise here,contact us
dot image