

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം ഹൈക്കോടതി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച്. പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ നിലപാട് വ്യക്തമാക്കാനാകാത്തതും വകുപ്പുകളുടെ നിലപാടില്‍ വൈരുദ്ധ്യമുള്ളതുമാണ് കോടതിയുടെ തീരുമാനത്തിന് കാരണം.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് കേസുകളിലാണ് വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടേണ്ടത്. ഇതിന്റെ അനുമതിയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഇന്നറിയിക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ പിന്നോക്ക വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ രണ്ട് നിലപാടാണ് ഇന്ന് സ്വീകരിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം എന്ന് വെളിവാകുന്നതാണ് നിലപാട്.
വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യുന്നതില്‍ രണ്ട് വകുപ്പിന് രണ്ട് നിലപാടാണുള്ളത്. വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് പിന്നാക്ക വകുപ്പും, പ്രൊസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണമെന്ന് വിജിലന്‍സും വിരുദ്ധ നിലപാട് ആണ് എടുത്തിരിക്കുന്നത്. ഇത് രണ്ടും അറിയിച്ചത് ഒരു അഭിഭാഷകനാണ് എന്നത് കോടിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. പിന്നാലെ താങ്കളുടെ നിയമപരമായ അഭിപ്രായം എന്താണെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ ഇതില്‍ കൃത്യമായ അഭിപ്രായം പറയാന്‍ സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തയ്യാറാക്കാത്തതും കോടതിയെ ചൊടിപ്പിച്ചിരുന്നു.
പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെ കുടയുന്ന നിലയും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയോട് തെറ്റ് ചെയ്തുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലാത്ത ആളാണ് പ്ലീഡര്‍. എത്രയും വേഗം സ്ഥാനമൊഴിയണം എന്നും ഹൈക്കോടതി പറഞ്ഞു. സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പിന്നാലെയാണ് അഭിഭാഷകനോട് കേസ് തുടര്‍ന്ന് ചര്‍ച്ച ചെയ്യാനില്ലെന്നും വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണോ എന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞത്.
ആറുവര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.
മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യ സ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത് എന്നാണ് ആരോപണം. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സുധീരന്‍ വീണ്ടും നല്‍കിയ കത്തിലാണ് കേസിന് വീണ്ടും ജീവന്‍വെച്ചത്.
Content Highlights: The Kerala High Court has criticised the government pleader over the lack of clarity regarding prosecution sanction in the microfinance case involving SNDP Yogam general secretary Vellappally Natesan. The single bench said the pleader was not suitable to continue in the position and directed the government to appoint another lawyer. The court also said it would decide whether government sanction is required to prosecute Vellappally Natesan in the case.