'തിരുവനന്തപുരം മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ട് പോകും,ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങൾ',K മുരളീധരൻ

അനാവശ്യ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്നും മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു

'തിരുവനന്തപുരം മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ട് പോകും,ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദങ്ങൾ',K മുരളീധരൻ
dot image

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്നതുമായി സംബന്ധിച്ച വിഷയത്തില്‍ പ്രതികരിച്ച്
ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. അനാവശ്യ വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്നും മൃഗശാല മാറ്റുന്ന നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരമധ്യത്തില്‍ നിന്നും നെയ്യാറിലേക്ക് മാറ്റുന്നതാണ് നിലവില്‍ ആലോചനയില്‍ ഉള്ളത്. അതുകൊണ്ട് തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മൃഗശാല പുത്തൂര്‍ സവോളജിക്കല്‍ മാതൃകയിലാണ് മാറ്റി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മൃഗങ്ങളെ നമ്മള്‍ കാണുന്നതിന് പകരം മൃഗങ്ങള്‍ നമ്മളെ കാണുന്ന രീതിയിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. മൃഗശാല മാറ്റണമെന്ന ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്ന സിപിഐഎംന്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. ആര്‍ക്കാണ് കച്ചവട താല്‍പര്യം ഇല്ലാത്തതെന്നും ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ മാത്രം ശരി എന്നത് ശരിയായ നിലപാട് അല്ലെന്നും മന്ത്രി പറഞ്ഞു. മൃഗശാല മാറ്റത്തെ സ്വാഗതം ചെയ്ത് സി പി ജോണും രം​ഗത്തെത്തിയിരുന്നു. നഗരത്തിൽ മൃഗശാല അനുയോജ്യമല്ലെന്നും മൃഗങ്ങൾ ശബ്ദമലിനീകരണം അനുഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മൃഗശാല നഗരത്തില്‍ നിന്നും മാറ്റണമെന്ന വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ വി വി രാജേഷും യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥനും മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരുന്നു. നഗരത്തിലായതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ ചത്തു പോകുന്നുവെന്നും 160 വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗശാല നിര്‍മ്മിച്ചപ്പോഴുള്ള അന്തരീക്ഷമല്ല ഇപ്പോഴെന്നുമാണ് മേയര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളാണെന്നും നഗരം വളര്‍ന്നതോടെ ഇപ്പോള്‍ സൗകര്യമില്ലാതെ മൃഗശാലയും ഇവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണെന്നും കെ എസ് ശബരീനാഥനും വ്യക്തമാക്കിയിരുന്നു.

അതേസമയം വിഷയത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ വി കെ പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയാണെന്നും മുതലാളിമാര്‍ക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ഇടതുപക്ഷം അതിനെ ശക്തമായി എതിര്‍ക്കുമെന്നും വി കെ പ്രശാന്ത് പറഞ്ഞിരുന്നു.

Content Highlights: Health Minister K Muraleedharan responded to the issue of relocating Thiruvananthapuram Zoo from the city centre

dot image
To advertise here,contact us
dot image