

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണ് എന്നും ഗുണ്ടായിസവും ഭീകരതയും പൊലീസ് നടത്തിയാലും അത് വിശുദ്ധമാവില്ല എന്നും സ്വരാജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലോടെയായായിരുന്നു സ്വരാജിന്റെ വിമർശനം.
'പരിശോധനയുടെ പേരിൽ എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് ന്യൂസ് ഡെസ്കിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്നത് കേട്ടുകേൾവിയില്ലാത്ത പുതിയ രീതിയാണ്. ഗുണ്ടായിസവും ഭീകരതയും പോലീസ് നടത്തിയാലും അത് വിശുദ്ധമാവില്ല. ഇത് അന്വേഷണമോ പരിശോധനയോ അല്ല. മാധ്യമങ്ങൾക്കുള്ള മുന്നറിയിപ്പാണ്. ആജ്ഞാനുവർത്തികളായി സർക്കാരിന് സ്തുതി പാടിക്കൊള്ളണമെന്ന മുന്നറിയിപ്പ്.
അധികാരത്തിലെത്തിയാൽ ഈ ചാനൽ പൂട്ടിക്കുമെന്ന് യു ഡി എഫിന്റെ ഏറ്റവും പ്രമുഖനായ നേതാവ് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. വിയോജിപ്പും വിമർശനങ്ങളും പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ല. കേസും പരിശോധനാനടപടികളും ന്യൂസ് ഡെസ്ക് പിടിച്ചെടുത്തു കൊണ്ടല്ല നടത്തേണ്ടത്.
അന്വേഷണമെന്ന പേരിൽ റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ അമിതാധികാരപ്രയോഗത്തെ അപലപിക്കുന്നു. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കാനും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനും ശ്രമിക്കുന്ന
യു ഡി എഫ് സർക്കാറിന്റെ തരംതാഴ്ന്ന നടപടികളിൽ പ്രതിഷേധിക്കുന്നു.'
റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടിയിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഈ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്നുമാണ് എം വി ഗോവിന്ദന്‍ ശക്തമായ പ്രതികരിച്ചത്.
ഇന്ന് കാലത്താണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനയെന്ന പേരില്‍ പൊലീസ് ഗുണ്ടായിസം അരങ്ങേറിയത്. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. ഈ പരിശോധന ഡിജിപി അറിഞ്ഞിട്ടുമില്ല. മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെയും ജീവനക്കാരെ തടഞ്ഞുവെച്ചുമാണ് പൊലീസ് പരിശോധന.
Content Highlights: CPI(M) leader M Swaraj has strongly criticised the alleged police hooliganism at the Reporter TV news desk, questioning the conduct of the police and highlighting concerns surrounding press freedom