'പിണറായിയെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ല'; വീണ്ടും പിന്തുണച്ച് ടി കെ ഗോവിന്ദന്‍

പാര്‍ട്ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം മൂന്നാം തലമുറയ്ക്ക് ഇല്ലെന്ന് ടി കെ ഗോവിന്ദൻ

'പിണറായിയെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ല'; വീണ്ടും പിന്തുണച്ച് ടി കെ ഗോവിന്ദന്‍
dot image

കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വീണ്ടും പിന്തുണച്ച് ടി കെ ഗോവിന്ദന്‍ എംഎല്‍എ. പിണറായി വിജയനെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ലെന്നാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞത്. താന്‍ ശരിയായ രീതിയിലാണ് പിണറായിയെ വിലയിരുത്തുന്നത്. ഇന്ന് സിപിഐഎമ്മിലുള്ളത് രണ്ടാം തലമുറ നേതാക്കന്മാരാണ്. നായനാര്‍, വിഎസ് തലമുറയ്ക്ക് ശേഷമുള്ള തലമുറ. പാര്‍ട്ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം മൂന്നാം തലമുറയ്ക്ക് ഇല്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം.

പാര്‍ലമെന്ററി സ്ഥാനമോഹവുമായി എത്തുന്ന പുതിയ തലമുറയുണ്ട്. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ പിടികൂടിയ മാറാ രോഗമാണ്. പാര്‍ട്ടി എല്ലാകാലത്തും ഇതുപോലെ നില്‍ക്കും എന്ന അഭിപ്രായം തനിക്കില്ല. ആദ്യമുണ്ടായിരുന്ന ജന പിന്തുണയോ സംഘടനാ കരുത്തോ ഇന്നില്ല. ചരിത്രത്തില്‍ ഏറ്റവും ശോഷിച്ച അവസ്ഥയിലാണ് ഇന്നുള്ളത്. പാര്‍ട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടത്തില്‍ നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിച്ചതാണ്. പക്ഷേ ചര്‍ച്ചകള്‍ എല്ലാം അവിടെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്യങ്ങള്‍ നടപ്പിലാക്കേണ്ട നേതൃത്വത്തിന് മൂലച്ചുതി വന്നിട്ടുണ്ടെന്നും ടി കെ ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

വിപുലീകരണം തീരുമ്പോഴേക്കും ഒരു കൊല്ലം തീരും. ഒരു തിരുത്തലും പാര്‍ട്ടി നടത്തില്ല. കഴിഞ്ഞ സമ്മേളനത്തില്‍ തിരുത്തേണ്ടത് നേതൃത്വമാണ് എന്ന് കണ്ടെത്തി, പക്ഷെ ഇന്നും തിരുത്തിയിട്ടില്ല. സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. തിരുത്താന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടോയെന്നും ടി കെ ഗോവിന്ദന്‍ വെല്ലുവിളിച്ചു. തിരുത്തണമെങ്കില്‍ സംസ്ഥാന നേതൃത്വം മാറിനില്‍ക്കണമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

തിങ്കളാഴ്ച പിണറായി വിജയനെ പിന്തുണച്ച് ടി കെ ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് നിലവിലുള്ള നേതൃത്വത്തില്‍ പിണറായിക്ക് പകരമായി മറ്റൊരു നേതൃത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ടി കെ ഗോവിന്ദന്‍ പറഞ്ഞത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷ ഭാഷയില്‍ ടി കെ ഗോവിന്ദന്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി പരമ യോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ള നിരവധിയാളുകള്‍ പാര്‍ട്ടിയിലുണ്ടെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ അണികള്‍ക്ക് കടുത്ത അവിശ്വാസം രൂപപ്പെട്ടു. ഇത് പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്നും ടി കെ ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights- TK Govindan has once again voiced support for Pinarayi Vijayan, stating that there is currently no other leader in the CPI(M) who can surpass him.

dot image
To advertise here,contact us
dot image