

മലപ്പുറം: സുന്നി ഐക്യസാധ്യത തുറന്ന് മലപ്പുറം പടിക്കല്‍ ജുമാ മസ്ജിദ് ഉദ്ഘാടനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഖലീല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ ഒരുമിച്ച് പരിപാടിക്കെത്തി. ഈ കൂട്ടായ്മയും ഐക്യ സംഘബോധവും എല്ലാ കാലത്തും എല്ലാ മേഖലകളിലും പുലര്‍ത്താന്‍ സാധിക്കട്ടെയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഭിന്നതയും വിഭാഗീയതയും അവസാനിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകണം. നമ്മുടെ ലക്ഷ്യം ഒരേ പാതയില്‍ ഉള്ളതാണെന്നും ഒരേ മാര്‍ഗത്തില്‍ ഉള്ളതാണെന്നും മനസ്സിലാക്കണം. ബഹുസ്വര സമൂഹത്തില്‍ മുസ്ലിം സമൂഹത്തിന്റെ ഐക്യം ഏറെ പ്രധാനപ്പെട്ടതാണ്. അത് എല്ലാവരും മനസ്സിലാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഇതേവേദിയില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാന്തപുരത്തിന് പരസ്യപിന്തുണ നല്‍കിയിരുന്നു. സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. പെണ്ണിനെ വീട്ടില്‍ തളച്ചിടണം എന്ന് കാന്തപുരം പ്രസംഗിച്ചിട്ടില്ല. സ്ത്രീയെ എല്ലാ രംഗത്ത് നിന്നും ഇസ്ലാം തടഞ്ഞു എന്നും പറഞ്ഞിട്ടില്ല. സ്ത്രീയുടെ സുരക്ഷിതത്വവും മാന്യതയും പരിഗണിച്ചാണ് ഇസ്ലാം നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.
സുന്നി ഐക്യത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ എടുത്ത സ്ട്രാറ്റജി വളരെ ശരിയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രതികരിച്ചു. അങ്ങോട്ടും ഇങ്ങോട്ടും വഴക്കടിച്ച് സമയം കളയാതെ നിര്‍മ്മാണാത്മകമായ സമീപനം വേണം. നേരത്തെ സാദിഖലി തങ്ങളുടെ കേരള പര്യടനത്തിലൂടെയും ഐക്യത്തിന്റെ സന്ദേശമാണ് മുന്നോട്ടുവെച്ചത്. വളരെ സന്തോഷമുള്ള കാര്യമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഏത് കാലത്താണെങ്കിലും ഐക്യമാണ് ലക്ഷ്യം. ആശയങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കാമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: inauguration of Padikkal Juma Masjid in Malappuram has brought renewed attention to the possibility of Sunni unity