

തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന്
ടിവികെ (തമിഴക വെട്രി കഴകം). മുന്‍ കോര്‍ഡിനേറ്ററായ സജിയുടെ മരണശേഷം ഇതുവരെ പുതിയ നിയമനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
സതീഷ് തോന്നിക്കൽ എന്ന പേരിലുള്ള വ്യക്തി ടിവികെയുടെയും വിജയ്‌യുടെയും പേരിൽ വിവിധ വ്യക്തികളുമായി ബന്ധപ്പെടുകയും സിനിമ സീരിയല്‍ മേഖലയിലുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും പ്രസ്താവനയിലുണ്ട്. സതീഷ് തോന്നിക്കലിന് പാര്‍ട്ടിയോ പാര്‍ട്ടി അധ്യക്ഷനോ യാതൊരു സംഘടനാ ചുമതലയും അംഗീകൃത സ്ഥാനവും നല്‍കിയിട്ടില്ല. അത്തരം നിയമനങ്ങള്‍ ടിവികെയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നും സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്.
ഈ മാസം 13ന് എറണാകുളത്ത് ടിവികെ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ സതീഷ് തോന്നിക്കലിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രചരിക്കുന്ന പരിപാടി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയല്ലെന്നും കേരള ഘടകം അറിയിച്ചു. അതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിവരങ്ങള്‍ ചെന്നൈയിലെ ബന്ധപ്പെട്ട നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞമാസം നടന്‍ ദേവന്‍ ബിജെപിയില്‍ നിന്ന് രാജിവച്ചതിന് ശേഷം നടി പ്രിയങ്കയുടെ മധ്യസ്ഥതയില്‍ ടിവികെ നേതാക്കന്മാരുമായി ചര്‍ച്ച നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ദേവന്‍ രാജിവച്ച വിവരം പുറത്തുവന്നതിന് പിന്നാലെ, സതീഷ് തോന്നിക്കൽ തന്നെ ബന്ധപ്പെട്ടുവെന്നും താന്‍ വഴിയാണ് ടിവികെയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ദേവന്‍ സന്നദ്ധത അറിയിച്ചതെന്നും പ്രിയങ്ക റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. കൂടാതെ താന്‍ അഭിനയിക്കുന്ന സീരിയലിന്റെ സെറ്റില്‍ വന്ന് ഷാള്‍ അണിയിച്ച് ടിവികെയിലേക്ക് ക്ഷണിച്ചതും സതീഷാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു. സതീഷിനൊപ്പമുള്ള ദേവൻ്റെയും പ്രിയങ്കയുടെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Content Highlights: The Kerala unit of TVK has clarified that Satheesh Thonikall has not been assigned any organisational responsibility or recognised position in the party. The Kerala unit issued the clarification regarding his status within the organisation.