

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കിടയില്‍ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും. ഇന്ത്യ-ചൈന സഹകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണമെന്ന് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. ഏഴ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഷി ചിന്‍പിങ്, അതിര്‍ത്തി തര്‍ക്കങ്ങള്‍, വ്യാപാരം, ഉഭയകക്ഷി നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ഇന്ത്യയും ചൈനയും രണ്ട് ഭീമന്മാരാണ്. തുല്യവും ചിട്ടയുള്ളതുമായ സഹകരണം ആവശ്യമാണ്. പൊതുവികസനം മുന്‍നിര്‍ത്തി വേണം മുന്നോട്ട് പോകാനെന്നും മോദിയുമായി താന്‍ 21 തവണ കൂടിക്കാഴ്ച നടത്തിയെന്നും ഷി ജിന്‍പിങ് പറഞ്ഞു. ബ്രിക്‌സിലെ സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കാലങ്ങളില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തെ ഏറെ പ്രാധാന്യത്തോടെയാണ് ചൈന കാണുന്നത്. ഇരുരാജ്യങ്ങളുടെയും ശക്തി പരസ്പരം മനസിലാക്കി മുന്നോട്ട് പോകണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. 12 വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഷി ജിന്‍പിങ് ന്യൂഡല്‍ഹി സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിക്ക് ചൈന നല്‍കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിന് നന്ദി പറഞ്ഞു. ഉച്ചകോടിയില്‍ നടത്തിയ അനുകൂല പരാമര്‍ശങ്ങള്‍ക്കും മോദി നന്ദി രേഖപ്പെടുത്തി.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളെന്ന നിലയിലും ഗ്ലോബല്‍ സൗത്തിലെ അംഗങ്ങളെന്ന നിലയിലും ഇരുരാജ്യങ്ങള്‍ക്കും സുപ്രധാന ഉത്തരവാദിത്വങ്ങളുണ്ടെന്ന് ഷി വ്യക്തമാക്കി. പരസ്പരം സഹകരിച്ചുകൊണ്ട് ഇന്ത്യയ്ക്കും ചൈനയ്ക്കും പഠിക്കാനും സംയുക്ത വികസനം കൈവരിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് സഹകരണത്തെ കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി ഇരു രാജ്യങ്ങളും കൈകോര്‍ക്കണമെന്നും ഷി ആഹ്വാനം ചെയ്തു.
കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ അടുത്തിടെ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെയും മോദിയും ഷിയും ഹ്രസ്വമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2025 ഓഗസ്റ്റില്‍ ടിയാന്‍ജിനില്‍ നടന്ന ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഇരുവരും ഇതിന് മുമ്പ് നേരിട്ട് കൂടിക്കാഴ്ച നടത്തിയത്.
Content Highlights: Modi-Xi meet on the sidelines of BRICS Summit; border issues, trade and investment discussed as Xi Jinping calls for stronger India-China ties focused on long-term cooperation