

അടിമാലി: പവര്‍കട്ടിൽ ദുരിതത്തിലായി സംസ്ഥാനത്തെ സലൂണുകളും. കൃത്യമായ സമയക്രമം പോലുമില്ലാതെ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിനാല്‍ മനസമാധാനത്തോടെ മുടിവെട്ടാനും ഷേവ് ചെയ്യാനും കഴിയുന്നില്ലെന്നാണ് പരാതി. കറണ്ട് പോയാൽ അത് വരുന്നതുവരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ചിലയിടങ്ങള്‍. അതേസമയം ഇന്‍വേര്‍ട്ടറുകളും ജനറേറ്ററുകളുമുള്ള സലൂണുകളിലും ബ്യൂട്ടിപാര്‍ലറുകളിലും ചെലവ് പതിന്‍മടങ്ങ് വര്‍ധിച്ചുവെന്ന് ഉടമകള്‍ പറയുന്നു. അഞ്ഞൂറ് രൂപയുടെ ഇന്ധനം നിറച്ചിരുന്ന ജനറേറ്ററുകളില്‍ രണ്ടായിരം മുതല്‍ മൂവായിരം രൂപയ്ക്ക് വരെ ഇന്ധനം നിറയ്‌ക്കേണ്ട സാഹചര്യമാണെന്നും അവര്‍ പറയുന്നു.
കൃത്യമായ ഒരു സമയം അറിയിക്കാതെ പെട്ടെന്ന് കറണ്ട് പോകുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടെന്ന് കട്ടപ്പന ടൗണില്‍ സലൂണ്‍ നടത്തുന്ന ഉടമ പറയുന്നു. വരും ദിവസങ്ങളില്‍ കൃത്യമായ സമയപരിധി അറിയിക്കുകയാണെങ്കില്‍ വളരെ ഉപകാരമായിരിക്കുമെന്നാണ് അവര്‍ പറയുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 1000മെഗാവാട്ടിന്റെ കുറവാണുള്ളത്. സെപ്റ്റംബർ പകുതിയോടെ താത്ക്കാലിക പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അറിയിച്ചിട്ടുണ്ടെങ്കിലും ഈ മാസം മുഴുവന്‍ പ്രതിസന്ധി തുടരാനാണ് സാധ്യതയെന്നാണ് വിവരം.
സംസ്ഥാനത്ത് ഒരു ദിവസം അമ്പത് മിനിറ്റ് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. 25 മിനിറ്റ് വീതം രണ്ട് തവണയാണ് നിയന്ത്രണമുണ്ടാകുക. വൈദ്യുതി നിയന്ത്രണത്തിന്റെ സമയം എസ്എംഎസായി പൊതുജനത്തെ അറിയിക്കാനാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മുന്നറിയിപ്പ് സന്ദേശം ഇതുവരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടില്ല. നിയന്ത്രണ സമയം സബ്‌സ്റ്റേഷനുകള്‍ സെക്ഷന്‍ ഓഫീസുകളെയാണ് ആദ്യം അറിയിക്കുക. തുടര്‍ന്ന് സെക്ഷന്‍ ഓഫീസുകളില്‍ നിന്ന് ഉപഭോക്താവിന് എസ്എംഎസ് സന്ദേശം ലഭിക്കും. ചൂട് കൂടുന്നതിനൊപ്പം വൈദ്യുതി ഉപഭോഗം വര്‍ധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതും അന്യ സംസ്ഥാനങ്ങളിലെ കൽക്കരി ക്ഷാമവും അടക്കമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നാണ് സർക്കാർ വാദം.
Content Highlights: Power cuts are creating difficulties for salons in Kerala, with electricity interruptions affecting haircuts and regular salon operations. The outages can disrupt services while customers are in the middle of getting their hair cut, creating challenges for salon workers and customers.