CMRL-എക്‌സാലോജിക് കേസിലെ ഇ ഡി നടപടി; പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ

കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി

CMRL-എക്‌സാലോജിക് കേസിലെ ഇ ഡി നടപടി; പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ
dot image

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാതെ സിപിഐ. ഇ ഡിക്കെതിരായ പൊതുനിലപാടില്‍ മാറ്റമില്ലെങ്കിലും നിലവില്‍ പിണറായി വിജയനെ അനുകൂലിക്കാനോ തള്ളാനോ സിപിഐ നേതാക്കള്‍ തയ്യാറാകുന്നില്ല. ഇ ഡി ഡിജിപിക്ക് കൈമാറിയ കത്തിലെ വിവരങ്ങള്‍ പഠിക്കുകയാണെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ നിലപാടെടുക്കാമെന്നുമാണ് സിപിഐയിലെ ആലോചന. അതുവരെ പിണറായി വിജയനെ തള്ളുകയോ പിന്തുണയ്ക്കുകയോ വേണ്ടെന്നുമാണ് സിപിഐ തീരുമാനം. എന്നാല്‍ ഇ ഡി കേന്ദ്രസര്‍ക്കാരിന്റെ ടൂള്‍ ആണെന്ന പൊതുനിലപാടില്‍ നിന്നും സിപിഐ പിന്നോട്ടില്ല.

അതേസമയം ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കാനാണ് സിപിഐഎം നീക്കം. ഇ ഡി മുന്‍പും കത്ത് നല്‍കിയിരുന്നെങ്കിലും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി അഭിപ്രായപ്പെട്ടു. ഇ ഡി രാഷ്ടീയവേട്ട തുരുമ്പിച്ച ആയുധമാണ്. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്ത് നേരത്തെയും സര്‍ക്കാരിന് നല്‍കിയിരുന്നു. വിഷയത്തില്‍ പൊലീസ് വസ്തുനിഷ്ഠമായി നടത്തിയ അന്വേഷണത്തിന്റെയും വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധിന്യായങ്ങള്‍ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് കണ്ടെത്തി. ഇ ഡി നല്‍കിയ കത്ത് തള്ളിക്കളയുകയും ചെയ്തതാണ്. ഭരണം മാറിയപ്പോള്‍ ഇ ഡി പുതിയ കത്ത് നല്‍കിയതാണെന്നും ദേശാഭിമാനി വ്യക്തമാക്കി.

കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടന്‍ കേസെടുക്കുമെന്ന വിലയിരുത്തലിലാണ് ഇ ഡി. എഫ്‌ഐആര്‍ ഇടാന്‍ മതിയായ തെളിവുകള്‍ കൈമാറിയെന്നും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നുമാണ് ഇ ഡി വിലയിരുത്തല്‍. അതേസമയം അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. വിഷയത്തില്‍ നിയമോപദേശം തേടണമെന്നും വിശദമായി പരിശോധിക്കേണ്ട കാര്യങ്ങള്‍ ആണ് ഉള്ളതെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.

Content Highlights: The CPI has not backed Pinarayi Vijayan over the Enforcement Directorate’s latest move in the CMR-L Exalogic financial transaction case

dot image
To advertise here,contact us
dot image