വൈദ്യുതി ക്ഷാമത്തിന് കാരണം ദീർഘകാല കരാർ പിൻവലിച്ചത്: മന്ത്രി സണ്ണി ജോസഫ്

സ്വിച്ച് ഇട്ട പോലെ പരിഹാരം കാണാന്‍ കഴിയുന്ന ഒന്നല്ല ഇതെന്നും പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്നും മന്ത്രി

വൈദ്യുതി ക്ഷാമത്തിന് കാരണം ദീർഘകാല കരാർ പിൻവലിച്ചത്: മന്ത്രി സണ്ണി ജോസഫ്
dot image

തിരുവനന്തപുരം: ദീര്‍ഘകാല കരാര്‍ പിന്‍വലിച്ചതാണ് നിലവിലെ വൈദ്യുതി ക്ഷാമത്തിന് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ്. കരാര്‍
പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കേസ് വേഗത്തില്‍ നീക്കാനുള്ള ശ്രമം നടത്തുന്നതായും മന്ത്രി പറഞ്ഞു. നേരത്തെ മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനം എടുത്തിട്ടുണ്ടെന്നും പരമാവധി അറിയിപ്പ് നല്‍കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

വേഗത്തില്‍ പരിഹരിക്കാന്‍ അത്ഭുതകരമായി ഒന്നും ചെയ്യാന്‍ സാധിക്കില്ല. സ്വിച്ച് ഇട്ട പോലെ പരിഹാരം കാണാന്‍ കഴിയുന്ന ഒന്നല്ല ഇതെന്നും പരിഹരിക്കാന്‍ പരമാവധി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം മുതല്‍ പവർകട്ടിന് മുൻകൂട്ടി അറിയിപ്പ് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസമായി പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട അടിയന്തര സാഹചര്യം ഉണ്ടായി. പ്രതിസന്ധി കേരളത്തിന്റെ മാത്രമല്ല. ദേശീയതലത്തില്‍ കാലാവസ്ഥയില്‍ വന്ന മാറ്റമാണിത്. എല്‍നിനോയുടെ ഭാഗമായി മഴ കുറയുകയും ചൂട് കൂടുകയും ചെയ്തു. വൈദ്യുതി ഉപയോഗം ഗണ്യമായി കൂടിയതും പ്രതിസന്ധിയായി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ആവശ്യകത 3700 മെഗാവാട് ആണെങ്കില്‍ ഇന്നലെ 5000 കടന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. 900 മെഗാവാട്ടിന്റെ കുറവാണ് ആവശ്യത്തില്‍ വന്നത്. കേന്ദ്ര വിഹിതമായി ലഭിക്കുന്നത് 1500 മെഗാവാട്ടാണ്. 650 മെഗാവാട്ടാണ് ദീര്‍ഘ കാല കരാര്‍ വഴി ലഭിക്കുന്നത്. 100 മെഗാവാട്ട് ഹ്രസ്യകാല കരാര്‍ വഴിയും ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ഈ പ്രതിസന്ധി അറിയിച്ചിരുന്നു.

പ്രതിസന്ധി രൂക്ഷമായതിനു കാരണം കാലാവസ്ഥയില്‍ വന്ന മാറ്റമാണ്. ആന്ധ്രപ്രദേശ് 80% ത്തില്‍ കൂടുതലും സ്വയം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ്. കേരളം 25% മാത്രമാണ് സ്വയം ഉല്‍പാദിപ്പിക്കുന്നത്. വൈദ്യുതി കിട്ടാനുള്ള എല്ലാ സാധ്യതകളും നോക്കിയിട്ടുണ്ട്. ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും കരാര്‍ ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ഈ പ്രത്യേക സാഹചര്യത്തില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വാപ് വഴി വാങ്ങിയ വൈദ്യുതി സെപ്റ്റംബര്‍ പകുതിയോടെ കഴിയും. രാത്രിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം. ഒക്ടോബറില്‍ ചില ഇടങ്ങളില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം യഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകീട്ട് 6.30 യ്ക്കും രാത്രി 12.30 യ്ക്കും ഇടയില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയില്‍ പലയിടത്തും ഒന്നിലധികം തവണ കറന്റ് കട്ടായിരുന്നു. കൊടും ചൂടില്‍ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം. സമാന സ്ഥിതി തുടരുന്നതിനാല്‍ നിയന്ത്രണം തുടര്‍ന്നേക്കും.

Content Highlights: Minister Sunny Joseph says the withdrawal of the long-term power contract is behind Kerala’s current electricity shortage, while KSEB warns that power restrictions may continue amid high demand

dot image
To advertise here,contact us
dot image