

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത റേഷന്‍ അരി കടത്ത്. പൂവാര്‍ സ്വദേശി കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴക്കൂട്ടത്തുവെച്ച് നടത്തിയ പരിശോധനിലാണ് കാര്‍ത്തികേയന്റെ ശ്രീമുരുകന്‍ എന്ന പേരിലുള്ള ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റുകള്‍ താണ്ടിയാണ് കഴക്കൂട്ടം ദേശീയപാതയില്‍ ലോറി എത്തിയത്. ശ്രീമുരുകന്‍ ലോറി എആര്‍ ക്യാമ്പിലേക്ക് മാറ്റി. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച് റേഷന്‍ അരി കടത്ത് നടത്തുന്നതില്‍ പ്രധാനിയാണ് കാര്‍ത്തികേയന്‍.
കേരള-തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റേഷന്‍ കരിഞ്ചന്ത മാഫിയ സജീവമാണെന്ന് റിപ്പോര്‍ട്ടര്‍ എസ്ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷന്‍ അരി സ്വകാര്യമില്ലുകളില്‍ പോളിഷ് ചെയ്ത് നിറം ചേര്‍ത്ത് പ്രത്യേക ബ്രാന്‍ഡ് ആക്കി വില്‍പ്പന നടത്തുന്നതായും റിപ്പോര്‍ട്ടര്‍ കണ്ടെത്തിയിരുന്നു. മാഫിയ സംഘത്തിന് വേണ്ടി റേഷന്‍ അരി എത്തിച്ചുകൊടുക്കാന്‍ സ്ത്രീകളും ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന്റെ ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു.
സംസ്ഥാനത്ത് റേഷനരി തട്ടിപ്പ് നടക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ റിപ്പോര്‍ട്ടര്‍ സംഘം എത്തിനിന്നത് തമിഴ്നാടിനോട് അതിര്‍ത്തി പങ്കുവയ്ക്കുന്ന ഊരമ്പിലായിരുന്നു. പുലര്‍ച്ചെ നാലര മണി മുതല്‍ തന്നെ അരിമില്ലുകളിലേക്ക് ലോറികള്‍ എത്തിത്തുടങ്ങും. ലോഡുകള്‍ നിറച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് അരിമാഫിയകള്‍ക്ക് ഉള്ളത്. റേഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ മുതല്‍ വാതില്‍പ്പടി വിതരണക്കാരും റേഷന്‍ ഉടമകളും സഹിതം ഈ മാഫിയയുടെ കണ്ണികളാണെന്നും റിപ്പോര്‍ട്ടര്‍ എസ്‌ഐടിയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ സിവില്‍ സപ്ലൈസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
Content Highlights- Police in Thiruvananthapuram have taken into custody a lorry belonging to Poovar resident Karthikeyan in connection with alleged illegal transportation of ration rice