കഴുകിയാൽ നിറംമാറും;കേരളം-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവം,ഞെട്ടിക്കുന്ന വിവരങ്ങൾ

കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷനരി സ്വകാര്യമില്ലുകളില്‍ പോളിഷ് ചെയ്ത് നിറം ചേര്‍ത്ത് പ്രത്യേക ബ്രാന്‍ഡ് ആക്കിയാണ് വില്‍പ്പന എന്നതിനും തെളിവുകള്‍ ലഭിച്ചു

കഴുകിയാൽ നിറംമാറും;കേരളം-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവം,ഞെട്ടിക്കുന്ന വിവരങ്ങൾ
dot image

തിരുവനന്തപുരം: കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് റേഷന്‍ കരിഞ്ചന്ത മാഫിയ സജീവം. റിപ്പോര്‍ട്ടര്‍ എസ്‌ഐടി അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും റേഷനരി സ്വകാര്യമില്ലുകളില്‍
പോളിഷ് ചെയ്ത് നിറം ചേര്‍ത്ത് പ്രത്യേക ബ്രാന്‍ഡ് ആക്കിയാണ് വില്‍പ്പന എന്നതിനും തെളിവുകള്‍ ലഭിച്ചു.

മാഫിയ സംഘത്തിന് വേണ്ടി റേഷന്‍ അരി എത്തിച്ചുകൊടുക്കാന്‍ സ്ത്രീകളും ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന്റെ ഒളിക്യാമറയില്‍ പതിഞ്ഞു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ രാത്രികാലങ്ങളിലാണ് ബൈപ്പാസിലൂടെ ലോഡുകള്‍ കയറ്റിവിടുന്നത്.

സംസ്ഥാനത്ത് റേഷനരി തട്ടിപ്പ് നടക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ റിപ്പോര്‍ട്ടര്‍ സംഘം എത്തിചേര്‍ന്നത് തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കുവയ്ക്കുന്ന ഊരമ്പിലാണ്. പുലര്‍ച്ചെ നാലര മണി മുതല്‍ തന്നെ അരിമില്ലുകളിലേക്ക് ലോറികള്‍ എത്തിത്തുടങ്ങും. ലോഡുകള്‍ നിറച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് അരിമാഫിയകള്‍ക്ക് ഉള്ളത്. റേഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ മുതല്‍ വാതില്‍പ്പടി വിതരണക്കാരും റേഷന്‍ ഉടമകളും സഹിതം ഈ മാഫിയയുടെ കണ്ണികളാണ്.

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച് റേഷന്‍ അരി തട്ടിപ്പ് നടത്തുന്നവരില്‍ പ്രധാനിയാണ് പൂവാര്‍ സ്വദേശി കാര്‍ത്തികേയന്‍. ബിനാമികളുടെ പേരില്‍ കളിയിക്കാവിള, ഇഞ്ചിവിള, ഊരമ്പ്, കുഴിഞ്ഞാന്‍വിള, നെടുവാന്‍വിള അടക്കമുള്ള സ്ഥലങ്ങളിലാണ് അനധികൃത റേഷനരി ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നത്. അരിക്കച്ചവടമെന്ന വ്യാജേന പഞ്ചായത്തുകളില്‍ നിന്നും ഗോഡൗണ്‍ ലൈസന്‍സും ജിഎസിടി ലൈസന്‍സും കരസ്ഥമാക്കിയാണ് തട്ടിപ്പ്.

കേരളത്തിലും തമിഴ്‌നാട്ടിലും റേഷന്‍ കടകളില്‍ എത്തുന്ന അരി അനധികൃതമായി സംഭരിക്കുകയാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. തമിഴ്‌നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന റേഷനരി കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള ബിനാമി സംഘം കിലോയ്ക്ക് 25രൂപ നിരക്കിലാണ് സ്ത്രീകള്‍ അടക്കമുള്ളവരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നത്.

കേരളത്തില്‍ റേഷന്‍ കടകളില്‍ എത്തുന്ന അരിയുടെ ചാക്കുകള്‍ കുത്തിയെടുത്താണ് അരി ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന അരി ഇടനിലക്കാര്‍ വഴി സൈക്കിള്‍ മുതല്‍ ലോറികളില്‍ വരെ കയറ്റിയാണ് ഗോഡൗണുകളില്‍ എത്തിക്കുന്നത്. ഗോഡൗണുകളില്‍ എത്തുന്ന അരി പോളിഷ് ചെയ്ത് രാസവസ്തുക്കള്‍ കലര്‍ത്തി നിറം മാറ്റുകയുമാണ് തട്ടിപ്പിന്റെ രണ്ടാം ഘട്ടം. ഊരമ്പിലെ ഗോഡൗണില്‍ നിന്നും ലോറികളില്‍ പ്രതിദിനം മുപ്പതോളം ലോഡ് അരിയാണ് പൂവാറിലെ പാഞ്ചിക്കാലയിലെ അരിമില്ലില്‍ എത്തുന്നത്. ബ്രാന്‍ഡഡ് അരിയായി മാറിയാല്‍ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പന.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും കണ്ണ് വെട്ടിച്ച് രാത്രികാലങ്ങളിലാണ് കാഞ്ഞിരംകുളത്ത് നിന്നും ബൈപാസ് വഴി ലോഡുകള്‍ വടക്കന്‍ ജില്ലകളിലേക്ക് എത്തുന്നത്. പ്രത്യേകിച്ചും എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ക്ക് പുറമെ കര്‍ണാടകയിലേക്കും കയറ്റുമതിയുണ്ട്.

സംസ്ഥാനത്ത് 2021 ജൂണ്‍ മാസം മുതല്‍ 2025 ഓഗസ്റ്റ് മാസം വരെയുള്ള നാല് വര്‍ഷക്കാലയളവില്‍ മാത്രം 43 ലക്ഷം കിലോ ഗ്രാം അരിയാണ് കരിഞ്ചന്തക്കാര്‍ തട്ടിയെടുത്തത്. വാതില്‍പ്പടി വിതരണം വഴി റേഷന്‍ കടകളില്‍ എത്തേണ്ട അരിയില്‍ മാത്രം നടന്ന ക്രമക്കേടാണിത്. ഇതിനുപുറമെയാണ് തമിഴ്‌നാട്ടിലെ സൗജന്യറേഷനെയും ബ്രാന്‍ഡഡ് ആക്കി മാറ്റി വിപണിയിലേക്ക് എത്തിക്കുന്നത്.

റേഷന്‍ കരിഞ്ചന്തമാഫിയയെ കേന്ദ്രീകരിച്ച് റിപ്പോര്‍ട്ടര്‍ അന്വേഷണം തുടര്‍ന്നപ്പോള്‍ കൂടുതല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. തിരുവനന്തപുരം പൂവാറില്‍ ബ്രാന്‍ഡഡ് അരിയെന്ന പേരില്‍ റേഷന്‍ അരിയാണ് വില്‍ക്കുന്നത്. പവിഴം ബ്രാന്‍ഡിലും നിര്‍മല്‍ ബ്രാന്‍ഡിലും വില്‍ക്കുന്ന മട്ട അരി കഴുകിയപ്പോള്‍ കൃത്രിമമായി എണ്ണ ചേര്‍ത്തതായി കണ്ടൈത്താന്‍ കഴിഞ്ഞു.

റേഷന്‍ മട്ട അരി കഴുകുമ്പോള്‍ കാണാത്ത എണ്ണമയവും നിറവ്യത്യാസവും ആണ് ബ്രാന്‍ഡഡ് അരികള്‍ കഴുകിയപ്പോള്‍ കണ്ടെത്തിയത്. കേരളം - തമിഴ്‌നാട് കേന്ദ്രീകരിച്ച് റേഷന്‍ അരി അനധികൃതമായി സംഭരിച്ച ശേഷം പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആക്കി വില്‍ക്കുന്ന കാര്‍ത്തികേയന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ബ്രാന്‍ഡഡ് അരികളിലാണ് നിറവ്യത്യാസവും എണ്ണമയവും കണ്ടെത്തിയത്.

Content Highlights: Ration Black Market Mafia Active Along Keralam-Tamil Nadu Border

dot image
To advertise here,contact us
dot image