CMRL-എക്സാലോജിക് കേസ്; പിണറായി ഇക്കാലമത്രയും പറഞ്ഞത് പച്ച കള്ളമാണെന്ന് തെളിഞ്ഞ ദിവസമാണിന്ന്: മാത്യു കുഴൽനാടൻ

സത്യത്തെ എക്കാലവും കുഴിച്ചുമൂടി വയ്ക്കാന്‍ കഴിയില്ലെന്നും മാത്യു കുഴൽനാടൻ

CMRL-എക്സാലോജിക് കേസ്; പിണറായി ഇക്കാലമത്രയും പറഞ്ഞത് പച്ച കള്ളമാണെന്ന് തെളിഞ്ഞ ദിവസമാണിന്ന്: മാത്യു കുഴൽനാടൻ
dot image

കോട്ടയം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പ്രതികരിച്ച് മാത്യു കുഴല്‍നാടന്‍ എംഎൽഎ. വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്ന പുരോഗതിയാണ് കേസിൽ ഉണ്ടായിരിക്കുന്നതെന്നായിരുന്നു മാത്യു കുഴൽനാടൻ്റെ പ്രതികരണം.

ഈ കേസിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയന്‍ ആണെന്നും പിണറായി വിജയന്‍ പ്രതി പട്ടികയില്‍ വരുന്ന നാളുകള്‍ അതിവിദൂരമല്ല എന്നും ഈ കേസിന്റെ ആദ്യ ഘട്ടം മുതല്‍ പൊതുസമൂഹത്തിനോട് താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാണിച്ചു. താന്‍ ഇത് ആവര്‍ത്തിച്ചപ്പോള്‍ പലരും തന്നെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ടെന്നും താന്‍ എടുത്ത വഴി തെറ്റിപ്പോയെന്ന് പറഞ്ഞവരുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് മൂന്നു വര്‍ഷം മുമ്പ് താന്‍ പറഞ്ഞിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടി ചേര്‍ത്തു. ആവര്‍ത്തിച്ച് ഈ വിഷയം വന്നപ്പോള്‍ പൊതു സമൂഹത്തോടും പാര്‍ട്ടിയോടും പച്ചക്കള്ളം പറഞ്ഞ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ 10 വര്‍ഷക്കാലം അഴിമതിയുടെ കാലമായിരുന്നു. ഈ ഒരു കമ്പനി കൊടുത്തതുമാത്രമല്ല കോടാനു കോടികള്‍ പിണറായി വിജയനും കുടുംബവും കൊണ്ടുപോയിട്ടുണ്ട്. പിണറായി വിജയനും കുടുംബവും സമ്പാദിച്ച അഴിമതി പണത്തിന്റെ വലിയൊരു പങ്ക് വിദേശത്താണ്. തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ പതനത്തിന് കാരണം ഈ അഴിമതിക്ക് കുടപിടിച്ചതാണെന്നും മാത്യു കുഴല്‍നാടന്‍ കുറ്റപ്പെടുത്തി.

പിണറായി വിജയൻ ഇക്കാലമത്രയും പറഞ്ഞത് പച്ച കള്ളമാണെന്ന് തെളിഞ്ഞ ദിവസമാണിന്ന്. മാസപ്പടി കേസിലെ പേരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. മാസപ്പടി കേസിലെ സത്യം പുറത്തു വന്നിരിക്കുന്നു. സത്യത്തെ എക്കാലവും കുഴിച്ചുമൂടി വയ്ക്കാന്‍ കഴിയില്ലെന്നും മാത്യുക്കുഴല്‍നാടന്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടത്താന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അഴിമതി നിരോധന പ്രകാരം കേസ് അന്വേഷിക്കണം. സംസ്ഥാന വിജിലൻസ് അല്ലെങ്കിലും കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും സത്യസന്ധമായ അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാകണമെന്നും എല്ലാ തെളിവുകളും നല്‍കാന്‍ തയ്യാറാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കണമെന്ന് താന്‍ ആവശ്യപ്പെട്ട സമയത്ത് തനിക്കെതിരെ പിണറായിയുടെ പൊലീസ് കേസെടുത്തു, എന്നാല്‍ അതില്‍ ഒരു ചാര്‍ജ് ഷീറ്റ് കൊടുക്കാന്‍ പോലും വര്‍ഷങ്ങളെടുത്തിട്ടും അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോട്ടപ്പള്ളിയിലെ കരിമണല്‍ കമ്പനിക്ക് വേണ്ടി വഴിവിട്ട് ധാരാളം കാര്യങ്ങള്‍ ചെയ്ത്‌കൊടുത്ത ആളാണ് പിണറായി വിജയൻ . അതിന് നൽകേണ്ട പാരിതോഷികമാണ് എക്‌സാലോജിക്ക് എന്ന കമ്പനിയുടെ പേരിലും വീണാ വിജയന്‍ എന്ന മകളുടെ പേരിലും ആ കമ്പനി നല്‍കിയത്. ദൂഷ്യഫലങ്ങള്‍ ഇനിയും അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Content Highlight : Congress MLA Mathew Kuzhalnadan has called for an honest investigation into the Masappadi case. He said a fair and transparent inquiry should be conducted into the matter

dot image
To advertise here,contact us
dot image