മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം: 'നേതാക്കളെ ഇകഴ്ത്തുന്ന രീതി സമസ്തയ്ക്കില്ല'; കെ പി നൗഷാദ് അലി എംഎല്‍എ

സിപിഐഎം പക്ഷപാതിത്വമുള്ള ചിലര്‍ രാജഭക്തി പ്രകടിപ്പിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം: 'നേതാക്കളെ ഇകഴ്ത്തുന്ന രീതി സമസ്തയ്ക്കില്ല'; കെ പി നൗഷാദ് അലി എംഎല്‍എ
dot image

മലപ്പുറം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ സമസ്ത മുഖപത്രത്തിലെ എഡിറ്റോറിയലിനെതിരെ കെ പി നൗഷാദലി എംഎല്‍എ. സുപ്രഭാതത്തിലെ മുഖപ്രസംഗം സമസ്തയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നേതാക്കളെ ഇകഴ്ത്തുന്ന രീതി സമസ്തയ്ക്കില്ലെന്നും ആക്ഷേപഹാസ്യങ്ങള്‍ കുത്തിനിറക്കാനുള്ളതല്ല മുഖപ്രസംഗമെന്നും എംഎല്‍എ കുറ്റപ്പെടുത്തി. സിപിഐഎം പക്ഷപാതിത്വമുള്ള ചിലര്‍ രാജഭക്തി പ്രകടിപ്പിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു.

'ആക്ഷേപ ഹാസ്യങ്ങള്‍ കുത്തിനിറക്കാനുള്ളതല്ല ഒരു മുഖപ്രസംഗം, ഇതൊന്നും പത്ര ധര്‍മ്മം അല്ല. അതൊക്കെ അനുചിതമായ രീതിയാണ്. സിപിഐഎം പക്ഷപാതിത്വമുള്ള ആളുകള്‍ രാജഭക്തി പ്രകടിപ്പിക്കുകയാണ്. സമസ്തക്കുള്ളില്‍ സിപിഐഎമ്മിന് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ല. സുപ്രഭാതം പത്രത്തിന് അകത്ത് ചില ആളുകള്‍ അങ്ങനെ ഉണ്ടാകാം. രാഷ്ട്രീയ യജമാന പ്രീതിക്ക് വേണ്ടി ചെയ്യുന്ന കാര്യം ആണ് ഇത്തരം മുഖപ്രസംഗങ്ങള്‍', കെ പി നൗഷാദ് അലി പ്രതികരിച്ചു.

മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയല്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരം തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ പ്രതികരണം കുരുടന്‍ ആനയെ തൊട്ടത് പോലെയെന്നായിരുന്നു വിമര്‍ശനം. വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മുഖപ്രസംഗം, രമേശ് ചെന്നിത്തലയെ പുകഴ്ത്തുന്നതുമായിരുന്നു.

Content Highlights: KP Noushad Ali MLA has criticised the Samastha Suprabhatham editorial targeting Chief Minister V D Satheesan.

dot image
To advertise here,contact us
dot image