

അത്യാവശ്യ സമയത്ത് പണം ലഭിക്കാനായി സ്വര്‍ണം പണയം വയ്ക്കുന്നവരാണ് പലരും. എന്നാല്‍ പണയം വെച്ച സ്വര്‍ണം ബാങ്കില്‍ നിന്നോ പണമിടപാട് സ്ഥാപനത്തില്‍ നിന്നോ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും?
പലപ്പോഴും സ്വര്‍ണ്ണ വായ്പ എടുക്കുമ്പോള്‍, ആഭരണങ്ങള്‍ ബാങ്കിലോ വായ്പ നല്‍കുന്ന സ്ഥാപനങ്ങളിലോ ഈടായി നല്‍കേണ്ടതുണ്ട്. ബാങ്കിന്റെ കൈവശമിരിക്കുന്ന ആഭരണങ്ങള്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ അതിന് ആരാണ് നഷ്ടപരിഹാരം നല്‍കുക?, എങ്ങനെ നഷ്ടപരിഹാരം ലഭിക്കും? എന്ന സംശയം പലര്‍ക്കും ഉണ്ടായേക്കാം. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ബാങ്കിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാര തുകയും സംബന്ധിച്ച കാര്യങ്ങള്‍ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്വര്‍ണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞാല്‍ ആദ്യം തന്നെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ തേടുകയാണ് വേണ്ടത്. സ്വര്‍ണം നഷ്ടപ്പെട്ടതായി അറിയുകയോ സംശയിക്കുകയോ ചെയ്താല്‍ ബാങ്കിനോടോ പണമിടപാട് സ്ഥാപനത്തോടോ രേഖാമൂലം വിശദീകരണം ആവശ്യപ്പെടുക. സ്വര്‍ണം എങ്ങനെ നഷ്ടപ്പെട്ടു, സംഭവം എപ്പോഴാണ് നടന്നത്, സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിക്കാം.
സംഭവം മോഷണമാണെങ്കില്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പോ എഫ്‌ഐആറിന്റെ പകര്‍പ്പോ സ്ഥാപനത്തോട് ആവശ്യപ്പെടുന്നത് നല്ലതാണ്. ബാങ്കുമായോ സ്ഥാപനവുമായോ നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്കൊപ്പം ഇ-മെയില്‍, കത്ത്, സന്ദേശങ്ങള്‍ തുടങ്ങിയ എല്ലാ ആശയവിനിമയങ്ങളുടെയും രേഖകള്‍ സൂക്ഷിക്കുക.

സ്വര്‍ണം പണയം വെച്ചപ്പോള്‍ ലഭിച്ച പണയ രസീത്, സ്വര്‍ണ്ണ വായ്പാ കരാര്‍, സ്വര്‍ണ്ണത്തിന്റെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണം. ഇവയില്‍ പണയം വച്ച ആഭരണത്തിന്റെ തരം, ഭാരം, മൂല്യം തുടങ്ങിയ വിവരങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ സ്വര്‍ണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോള്‍ ഈ രേഖകള്‍ പ്രധാന തെളിവുകളാകും. സ്വര്‍ണം വാങ്ങിയതിന്റെ ബില്‍, ആഭരണത്തിന്റെ ഫോട്ടോ എന്നിവ കൈവശമുണ്ടെങ്കില്‍ അതും സൂക്ഷിക്കുക. ആഭരണത്തിന്റെ ഉടമസ്ഥതയും അതിന്റെ ഏകദേശ മൂല്യവും തെളിയിക്കാന്‍ ഇവ സഹായിച്ചേക്കാം.

സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ബാങ്ക് സ്വര്‍ണ്ണത്തിന്റെ മുഴുവന്‍ മൂല്യവും അതിന് പുറമെ പലിശയും എല്ലാ കേസുകളിലും സ്വയമേവ നല്‍കണമെന്നില്ല. നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ സംഭവത്തിന്റെ സാഹചര്യം, ബാങ്കിനോ സ്ഥാപനത്തിനോ ഉണ്ടായിരുന്ന ഉത്തരവാദിത്തം, പണയ കരാറിലെ വ്യവസ്ഥകള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, ബാധകമായ നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കും. അതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ടാല്‍ ''ഇത്ര രൂപയും ഇത്ര പലിശയും ഉറപ്പായും ലഭിക്കും'' എന്ന് പൊതുവായി പറയാനാകില്ല. കേസിലെ സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കും നഷ്ടപരിഹാരത്തിന്റെ തോത് തീരുമാനിക്കുക.
Content Highlights :It is important to understand the rules regarding liability and compensation if jewelry is lost while in the bank's custody.