സമുദായ നേതാക്കളുടെ മെക്കിട്ടുകയറാൻ അനുവദിക്കരുത്; കാന്തപുരത്തെ പിന്തുണച്ച് യൂത്ത് ലീഗ് മലപ്പുറം ജില്ലാസമ്മേളനം

കാന്തപുരത്തിന് അദ്ദേഹത്തിന്റെ അനുയായികളോട് സംസാരിക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂര്‍ പറഞ്ഞു

സമുദായ നേതാക്കളുടെ മെക്കിട്ടുകയറാൻ അനുവദിക്കരുത്; കാന്തപുരത്തെ പിന്തുണച്ച് യൂത്ത് ലീഗ് മലപ്പുറം ജില്ലാസമ്മേളനം
dot image

മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം. കാന്തപുരത്തിന് അദ്ദേഹത്തിന്റെ അനുയായികളോട് സംസാരിക്കാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂര്‍ അഭിപ്രായപ്പെട്ടു. സമുദായ നേതാക്കളുടെ മെക്കിട്ടുകയറാന്‍ അനുവദിക്കരുതെന്നും വിശ്വാസത്തെ കുറിച്ച് പറയാന്‍ അവര്‍ക്ക് അവസരം വേണമെന്നും ഷെരീഫ് പറഞ്ഞു. സമുദായ നേതാക്കളുടെ കോലം കത്തിക്കുന്നത് കയ്യും കെട്ടി നോക്കിനില്‍ക്കേണ്ടി വരികയാണെന്നും പണ്ഡിതോചിതമായി ഒരുഭിപ്രായം പറയാന്‍ പാടില്ലേയെന്നും യൂത്ത് ലീഗ് നേതാവ് ചോദിക്കുന്നു.

സ്ത്രീകള്‍ പൊതുവേദിയില്‍ വരുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് യൂത്ത് ലീഗും പിന്തുണയുമായി എത്തിയിരിക്കുന്നത്. നേരത്തെ കാന്തപുരത്തിന് പിന്തുണയുമായി എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരവും രംഗത്തെത്തിയിരുന്നു. സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജില്‍ എഴുതിയ ലേഖനത്തിലാണ് റഹ്‌മത്തുള്ള സഖാഫി എളമരം നിലപാട് വ്യക്തമാക്കിയത്. ദഫ് പ്രദര്‍ശനം, സ്‌കൗട്ട്, ഫ്ളവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര്‍ പ്രത്യേകം പ്രസ്താവന ഇറക്കിയതെന്നാണ് റഹ്‌മത്തുള്ളയുടെ ന്യായീകരണം. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവന തീര്‍ത്തും മുസ്‌ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ നിര്‍ദ്ദേശം മാത്രമാണെന്നും ലേഖനത്തിലുണ്ട്. അതില്‍ ചിലര്‍ അരിശം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലേഖനത്തില്‍ എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.

പരാമര്‍ശത്തില്‍ നാളെ കോഴിക്കോട് മീലാദ് സമ്മേളനത്തില്‍ കാന്തപുരം നിലപാട് വിശദീകരിക്കുമെന്ന് വിവരമുണ്ട്. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയും. ഇന്നലെ തൃശൂര്‍ സമ്മേളനത്തില്‍ കാന്തപുരം നിലപാട് മയപ്പെടുത്തിയിരുന്നു.

Content Highlights: The Youth League Malappuram district conference expressed support for Kanthapuram amid a discussion involving community leaders. The conference stated that community leaders should not be targeted

dot image
To advertise here,contact us
dot image