

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്മാരുടെ സമരം ഒത്തുതീര്‍പ്പായി. സമരക്കാരും ഡയറക്ടറും തമ്മിലുള്ള ചര്‍ച്ചയിലാണ് തീരുമാനം. അത്യാഹിത വിഭാഗത്തില്‍ മരുന്ന് എത്തിക്കുമെന്നും എക്‌സ്-റേ മെഷീന്റെ പ്രശ്‌നം പരിഹരിക്കുമെന്നും ഡയറക്ടര്‍ ഉറപ്പ് നല്‍കി. വീഴ്ച വരുത്തിയ ജീവനക്കാരെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ആശുപത്രിയുടെ ദുരവസ്ഥയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഉണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാരെ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായി. രണ്ടു വനിതാ ഡോക്ടര്‍മാര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ഡോക്ടര്‍ ഓടിച്ച ജീപ്പുമായാണ് കൂട്ടി ഇടിച്ചത്. ഈ അപകടത്തെ തുടര്‍ന്നായിരുന്നു ഡോക്ടര്‍മാരെ ചികിത്സിക്കാന്‍ സൗകര്യമില്ലാതെ ജില്ലാ ആശുപത്രിയിലേക്കും അവിടുന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്. ഇതിന് പിന്നാലെയായിരുന്നു അപര്യാപ്തതകള്‍ ചൂണ്ടിക്കാണിച്ചു ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്.
എക്‌സ്-റേ, സിടി സ്‌കാന്‍ എന്നിവയില്ല. ഒരു രോഗി വന്നാല്‍ അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ ഒന്നുമില്ല എന്നായിരുന്നു ഡോക്ടര്‍മാരുടെ ആരോപണം. അപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് ഒരു എക്‌സറേ വേണമെങ്കിലും സിടി വേണമെങ്കിലും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണം എന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. സമരത്തിനിടെ ചർച്ചയ്ക്കെത്തിയ വി കെ ശ്രീകണ്ഠന്‍ എം പി അപമാനിച്ചെന്ന പരാതിയുമായി ഹൗസ് സര്‍ജന്മാര്‍ രംഗത്തെത്തിയിരുന്നു. ചോദ്യത്തോട് എംപി ക്ഷുഭിതനായി പ്രതികരിച്ചു എന്നായിരുന്നു ആരോപണം.
Content Highlights: Palakkad Medical College house surgeons have called off their strike following discussions with the director, who assured that medicines would be supplied to the emergency department and the faulty X-ray machine would be repaired