

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടൻ സൂരി. ഒരു സെറ്റിൽ വച്ച് തന്റെ ഷർട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകൻ പറഞ്ഞെന്നും വെറും തോർത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പറയുകയാണ് സൂരി. പുതിയ ചിത്രം മണ്ടാടിയുടെ റിലീസിന് മുൻപ് ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം തുറന്ന് പറഞ്ഞത്.
'എന്നെ ഒരു സിനിമയുടെ ചിത്രീകരണത്തിനായി വിളിച്ചു. വലിയ കോമഡി നടനുമായുള്ള കോമ്പിനേഷന്‍ സീന്‍ ആയിരുന്നു. ഷൂട്ടിന് ശേഷം അവര്‍ മോണിറ്റര്‍ നോക്കി. ആ വലിയ നടനും സംവിധായകനും തമ്മില്‍ കാര്യമായ ചര്‍ച്ച തന്നെ നടന്നു. പിന്നീട് എന്നെ വിളിച്ചു. എന്നിട്ട് എന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ പറഞ്ഞു. അവന്‍ ഒരു ശുപാർശയുടെ വന്ന നടനായിരുന്നു'.
'അത് എന്റെ സ്വന്തം ഷര്‍ട്ടായിരുന്നു. അത് അവന് പാകമാകുന്നത് പോലുമുണ്ടായിരുന്നില്ല. സ്റ്റിച്ച് അഴിച്ച് വലുതാക്കിയാണ് അവന് നല്‍കിയത്. ശേഷം അവർ അത് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ വെറും തോർത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണുകയായിരുന്നു. തോർത്ത് മാത്രം ധരിച്ച് ഞാന്‍ എന്റെ ഷര്‍ട്ട് തിരയേണ്ടി വന്നു. ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചതാണ്'.
'ആ സംവിധായകന്‍ ഇന്ന് വലിയ നിലയിലാണ്. അദ്ദേഹത്തിന് ഈ സംഭവം ഓര്‍മയുണ്ടാകില്ല. ഞാൻ ആയിരുന്നു ആ നടനെന്നും ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ല. ഇന്നും എന്റെ ജന്മദിനത്തിലും സിനിമ റിലീസാകുമ്പോഴും അദ്ദേഹം മെസേജ് അയക്കാറുണ്ട്. വിശപ്പും, അപമാനിക്കലുകളും ചതിയുമെല്ലാം എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതെല്ലാം എനിക്ക് ശീലമായി. എന്നെ ചതിച്ചവര്‍ക്കുള്ള സമര്‍പ്പണമാണ് ഇന്നത്തെ എന്റെ വിജയം. ഞാന്‍ മുന്നോട്ട് പോവുകയാണ്', സൂരി കൂട്ടിച്ചേർത്തു.
അതേസമയം, സൂരി നായകനായി പുറത്തിറങ്ങുന്ന സ്പോർട്സ് ഡ്രാമ ചിത്രം മണ്ടാടിയുടെ റിലീസ് ഈ മാസം 11ന് ഉണ്ടാകും. മതിമാരന്‍ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാരാണ്. 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തമിഴ്‌നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്. ഈ സെയിലിംഗ് ബോട്ട് മല്‍സരത്തിലെ, മത്സ്യബന്ധന പര്യവേഷണ സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി.
Content Highlights: Soori opens up about an incident he face in tamil cinema