ലോര്‍ഡ്സ് ടെസ്റ്റിലെ പരിക്ക് വിവാദം: പാക് താരം ഇമാമുല്‍ ഹഖിന് രണ്ട് വര്‍ഷം വരെ വിലക്കിന് സാധ്യത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് പാകിസ്താന്‍ ഓപ്പണിങ് ബാറ്റര്‍ ഇമാമുല്‍ ഹഖ് പരിക്കാണെന്ന് പറഞ്ഞ് ബാറ്റ് ചെയ്യാതിരുന്നത്

ലോര്‍ഡ്സ് ടെസ്റ്റിലെ പരിക്ക് വിവാദം: പാക് താരം ഇമാമുല്‍ ഹഖിന് രണ്ട് വര്‍ഷം വരെ വിലക്കിന് സാധ്യത
dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെയേറ്റ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് പാകിസ്താന്‍ ഓപ്പണിങ് ബാറ്റര്‍ ഇമാമുല്‍ ഹഖിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇമാമുലിന് കാലിന്റെ പേശിക്കേറ്റ പരിക്കുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിക്കുന്നതിനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഉന്നതതല അന്വേഷണ സമിതി രൂപീകരിക്കാനുള്ള നടപടികളിലാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അറിയിച്ചു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഇമാമുലിന് ഒന്നുമുതല്‍ രണ്ട് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വന്നേക്കും. ഈ വിഷയം 2025 മാര്‍ച്ച് മാസത്തില്‍ പാകിസ്താന്റെ ന്യൂസീലന്‍ഡ് പര്യടനത്തിനിടെ ഈ ഇടങ്കയ്യന്‍ ബാറ്ററുമായി ബന്ധപ്പെട്ടുണ്ടായ മുന്‍കാല പരിക്ക് വിവാദത്തെക്കൂടി വീണ്ടും അന്വേഷണ നിഴലിലാക്കിയിട്ടുണ്ട്.

ലോര്‍ഡ്സ് ടെസ്റ്റിന്റെ ഒന്നാം ദിനം ഫീല്‍ഡിംഗിനിടെയാണ് ഇമാമുലിന് കാലിന്റെ പേശിക്ക് ചെറിയ രീതിയില്‍ പരിക്കേറ്റതും, തുടര്‍ന്ന് പാകിസ്താന്റെ രണ്ട് ഇന്നിങ്‌സുകളിലും താരം ബാറ്റ് ചെയ്യാതിരുന്നതും. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 290 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന്‍ 110 റണ്‍സിന് പുറത്താവുകയും, രണ്ടാം ഇന്നിങ്‌സില്‍ 389 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന അവര്‍ 194 റണ്‍സിന് പുറത്താവുകയും ചെയ്തു. ഇതോടെ 194 റണ്‍സിന്റെ തോല്‍വിയും 2-0 ന് പരമ്പരയും പാകിസ്താന് നഷ്ടമായി. ഇമാമുലിന്റെ പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചും തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള സംശയങ്ങളാണ് പുതിയ അന്വേഷണത്തിലേക്ക് നയിച്ചതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ന്യൂസീലന്‍ഡ് പര്യടനത്തിനിടെ നടന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണ കണ്ടെത്തലുകളെയും പുതിയ സംഭവവികാസങ്ങള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. 2025 മാര്‍ച്ച് 28-ന് ഇന്‍ഡോര്‍ നെറ്റ് പരിശീലനത്തിനിടെ വലതുകാലിലെ വലിയ വിരലില്‍ പന്തിടിച്ചതിനെ തുടര്‍ന്ന് പരിക്ക് വ്യാജമായി ഉണ്ടാക്കി കാണിക്കാനും, അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കാനും ശ്രമിച്ചതിന് താരം ഉത്തരവാദിയാണെന്ന് അന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ആദ്യ ഏകദിന മത്സരത്തില്‍ നിന്ന് മനഃപൂര്‍വം വിട്ടുനില്‍ക്കാന്‍ താരം മെഡിക്കല്‍ സംഘത്തെ തെറ്റിദ്ധരിപ്പിച്ചതായും സമിതി നിഗമനത്തിലെത്തിയിരുന്നു.

അതിനിടെ, അച്ചടക്ക ലംഘന ആരോപണങ്ങളെ തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും അന്വേഷണം നേരിടുന്നുണ്ട്. വരും ദിവസങ്ങളില്‍ പിസിബി റിസ്വാനെ ചോദ്യം ചെയ്‌തേക്കുമെന്നും, അടുത്ത ഭാവിയിലൊന്നും താരത്തെ പാകിസ്താന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ലോര്‍ഡ്സിലെ വന്‍ തോല്‍വിക്ക് പിന്നാലെ പാകിസ്താന്റെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയ ഏഴ് കളിക്കാരില്‍ ഇമാമുലും റിസ്വാനും ഉള്‍പ്പെടുന്നു. സല്‍മാന്‍ ആഗ, അലി ഉസ്മാന്‍, ആമിര്‍ ജമാല്‍, ഉവൈസ് സഫര്‍, ഖുറം ഷെഹ്‌സാദ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങള്‍.

Also Read:

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി പാകിസ്താന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അരങ്ങേറ്റം കുറിക്കാത്ത അഞ്ച് കളിക്കാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈക്ക് ഹെസ്സന്‍, ആഷ്ലി നോഫ്‌കെ എന്നിവര്‍ ടെസ്റ്റ് കോച്ചിങ് സ്റ്റാഫായും ചുമതലയേറ്റു. ആദ്യ ടെസ്റ്റ് ഇന്നിങ്‌സിനും രണ്ടാം ടെസ്റ്റ് 194 റണ്‍സിനും തോറ്റ പാകിസ്താന്‍, പരമ്പരയിലെ വൈറ്റ്വാഷ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബര്‍ 9 മുതല്‍ എഡ്ജ്ബാസ്റ്റണില്‍ മൂന്നാം ടെസ്റ്റിനായി ഇറങ്ങും.

content highlights: Lords Test Fake Injury Controversy: Pakistan's Imam-ul-Haq Faces Potential 2-Year Ban

dot image
To advertise here,contact us
dot image