

തൃശൂര്‍: സർക്കാരിനെതിരെ ചോദ്യങ്ങളുമായി കുന്നംകുളത്ത് കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ വി എസ് സുജിത്. സംഭവം നടന്ന് ഒരു വർഷമായിട്ടും നടപടിയുണ്ടായില്ലെന്ന് സുജിത് ഫേസ്ബുക്കിൽ പങ്കുവെച്ച തുറന്നകത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് പിന്തുണ പ്രഖ്യാപിച്ചവരാരും പിന്നീട് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. അന്ന് പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ ആഭ്യന്തര മന്ത്രിയുമാണ്. കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കള്‍ ഇന്ന് എവിടെ? വാഗ്ദാനങ്ങള്‍ അല്ല വേണ്ടത്, നടപടിയാണെന്നും സുജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
''ഭയപ്പെടേണ്ട… ഞങ്ങള്‍ കൂടെയുണ്ട്. നീതിക്കായി അവസാനം വരെ പൊരുതും. നിന്നെ തല്ലിയവരെ പോലീസ് ഡിപാര്‍മെന്റില്‍ നിന്ന് പുറത്താക്കും വരെ പോരാടും.' എന്ന വാക്കുകളില്‍ വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു, നമ്മുടെ സര്‍ക്കാര്‍ വന്നു, പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാള്‍ മുഖ്യമന്ത്രിയായി, മറ്റൊരാള്‍ ആഭ്യന്തരമന്ത്രിയായി വേറൊരാള്‍ കെപിസിസി പ്രസിഡന്റായി തുടരുന്നു', എന്നിട്ടും നടപടിയില്ലെന്നാണ് സുജിത്ത് ആരോപിക്കുന്നത്. മര്‍ദ്ദനത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നമ്മുടെ സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്നും അന്വേഷണം എവിടെയെത്തിയെന്നും എന്തുകൊണ്ടാണ് നടപടി വൈകുന്നതെന്നും സുജിത്ത് ചോദിച്ചു. 'അധികാരത്തിന്റെ മുന്നില്‍ ഒരു സാധാരണ മനുഷ്യന്റെ നീതിക്ക് ഇത്രയും വിലയാണോ ഉള്ളത്? ഇത് ഒരു വ്യക്തിയുടെ മാത്രം പോരാട്ടമല്ല. നാളെ ഏതൊരു സാധാരണക്കാരനും സംഭവിക്കാവുന്ന അനീതിക്കെതിരായ പോരാട്ടമാണ്'. സുജിത്ത് പറഞ്ഞു.
തനിക്ക് രാഷ്ട്രീയ സംരക്ഷണം വേണ്ടെന്നും നീതി വേണമെന്നുമാണ് സുജിത്ത് തുറന്ന കത്തില്‍ ആവശ്യപ്പെടുന്നത്. അതേസമയം സര്‍ക്കാര്‍ സുജിത്തിനെ മറന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വര്‍ഗീസ് ചൊവ്വന്നൂരും രംഗത്തെത്തി.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് പറഞ്ഞിരുന്നു. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാന്‍ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച് ജീപ്പില്‍ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു.
മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കമെന്നായിരുന്നു ആരോപണം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പൊലീസ് ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.
Content Highlights: Kunnamkulam custody assault victim V S Sujith has criticised the leaders who had earlier expressed support for him, alleging that no action was taken against the police officers responsible