

തിരുവനന്തപുരം: കേരള സര്‍വകലാശായില്‍ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതിഷേധിച്ച വനിതാ നേതാക്കളെ അടക്കം പൊലീസ് ക്രൂരമായി അക്രമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരെത്തിയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ബാരിക്കേഡുവെച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. 'ആര്‍എസ്എസിനെതിരെ പ്രതിഷേധിച്ചതിന് യുഡിഎഫ് സര്‍ക്കാരിന് പൊലീസ് നരനായാട്ട് അവസാനിപ്പിക്കുക' എന്ന ബാനര്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിന്മാറാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. പൊലീസിനെതിരെ പ്രവര്‍ത്തകര്‍ വീണ്ടും തിരഞ്ഞു. ഇതിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷം രൂക്ഷമായതോടെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയി, വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
പൊലീസ് എത്രമൃഗീയമായാണ് കുട്ടികളെ നേരിടുന്നതെന്ന് വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. ബാരിക്കേഡ് തട്ടി പ്രവര്‍ത്തകരുടെ മുഖം മുറിഞ്ഞു എന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്. കുട്ടികളെ ഇത്തരത്തില്‍ അടിക്കാന്‍ വിട്ടുകൊടുക്കാന്‍ കഴിയില്ല. കുട്ടികള്‍ക്ക് നേരെ രണ്ട് തവണ ലാത്തി വീശി. പൊലീസ് ബോധപൂര്‍വ്വമാണ് കുട്ടികളെ ആക്രമിച്ചതെന്നും വി ജോയ് പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ലോ ആന്‍ഡ് ഓര്‍ഡറിലുള്ള എസിപിയെ ആക്രമിച്ചതായാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളതെന്നും അത് തെളിയിക്കാന്‍ എസ്എഫ്‌ഐ വെല്ലുവിളിക്കുകയാണെന്നും പി എസ് സഞ്ജീവ് പറഞ്ഞു. സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച തങ്ങളെ ക്രൂരമായി അടിച്ചോടിക്കുകയാണ് പൊലീസ് ചെയ്തത്. ആ പൊലീസ് കള്ളക്കഥയുമായി ഇറങ്ങിയിരിക്കുകയാണെന്നും സഞ്ജീവ് പറഞ്ഞു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഹൈക്കമാന്‍ഡ് ആര് എന്നാണ് തങ്ങള്‍ക്ക് ചോദിക്കാനുള്ളതെന്നായിരുന്നു എം ശിവപ്രസാദ് പറഞ്ഞത്. ഇതിനിടെ പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
Content Highlights- Tensions were reported during the SFI Secretariat march as police used water cannons and lathis against protesters