

തിരുവനന്തപുരം: ശനിയാഴ്ച ദേശാഭിമാനിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനൻ എഴുതിയ ലേഖനത്തിന് മറുപടിയുമായി സിപിഐ മുഖപത്രമായ ജനയുഗം. കൂട്ടായ നേതൃത്വം കാലഘട്ടത്തിൻ്റെ ആവശ്യകകത എന്ന തലക്കെട്ടിൽ സിപിഐ നേതാവ് രാജാജി മാത്യു തോമസ് എഴുതിയ ലേഖനത്തിലാണ് ദേശാഭിമാനി ലേഖനത്തിലെ നിലപാടുകളോടുള്ള പ്രതികരണങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ച് ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഐ ആണെന്ന ദേശാഭിമാനി നിലപാടിനെ നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവെയ്പ്പ് ചൂണ്ടിക്കാണിച്ചാണ് ജനയുഗം പ്രതിരോധം തീർത്തിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎം ഒഴിഞ്ഞ് തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെടാൻ സിപിഐയുടെ ഭാഗത്ത് എന്തു ന്യായമാണുള്ളതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം എന്ന ദേശാഭിമാനി ലേഖനത്തിലെ ആവശ്യത്തിന് ജനയുഗത്തിലെ ലേഖനം മറുപടി നൽകുന്നുണ്ട്.
അടിയന്തരാവസ്ഥയിൽ നടന്ന അതിക്രമങ്ങളിൽ അച്യുതമേനോൻ അങ്ങേയറ്റം ദുഃഖിത നായിരുന്നുവെന്നത് അദ്ദേഹം മറച്ചുവച്ചില്ല എന്ന് അനുസ്മരിച്ചാണ് ദേശാഭിമാനിയുടെ വിമർശനത്തിന് ജനയുഗത്തിൻ്റെ മറുപടി. 'അടിയന്തരാവസ്ഥയെത്തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ താൻ നേതൃത്വം നൽകിയ മുന്നണി വിജയിച്ചുവന്നപ്പോഴും അതിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ വിസമ്മതിച്ചതിന് പിന്നിലും ആ യാഥാർത്ഥ്യം സ്വാധീനം ചെലുത്തിയിട്ടുണ്ടാവാം. അച്യുതമേനോന് ശേഷവും ഇവിടെ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ ഇരുന്നിട്ടുണ്ടെന്നും ആ ഭരണകാലങ്ങളിലും അറിഞ്ഞോ അറിയാതയോ പൊലീസ് അതിക്രമങ്ങൾ അര ങ്ങേറിയിട്ടുണ്ടെന്നത് ആരും വിസ്മരിച്ചുകൂടായെന്നും ജനയുംഗം ഓർമ്മിപ്പിക്കുന്നു. ഛത്തീസ്‌ഗഢിൽ മാവോയിസത്തെ തുടച്ചുനീക്കുന്നതിന്റെ പേരിൽ നക്സലുകളെ കൂട്ടക്കൊല ചെയ്തു മോഡി ഭരണകൂടത്തിനോട് താരതമ്യത്തിന് മുതിരുന്നില്ലെങ്കിലും നിലമ്പൂർ വനങ്ങളിൽ നടന്ന നക്സലൈറ്റുകളുടെ കൂട്ടക്കൊല ഒരു ഭരണകൂടത്തിനും ഭൂഷണമല്ലെന്ന വസ്തുതയും വിസ്മരിക്കരുതെന്ന' വിമർശനം ഉന്നയിച്ചാണ് ദേശാഭിമാനിയുടെ അടിയന്തരാവസ്ഥ കാലം ചൂണ്ടിക്കാണിച്ചുള്ള വിമർശനത്തെ ജനയുഗം പ്രതിരോധിച്ചിരിക്കുന്നത്.
എന്തുകൊണ്ട് പ്രതിപക്ഷ ഉപനേതൃപദവി ആവശ്യപ്പെടുന്നു എന്നതിലും ജനയുഗം വിശദീകരണം നൽകുന്നുണ്ട്. 'തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ കാരണങ്ങൾ വിലയിരുത്തിയപ്പോൾ ഉരുത്തിരിഞ്ഞുവന്ന ആശയഗതികളിൽ പ്രധാനമാണ് മുന്നണിയുടെ സംഘടനാ സംവിധാനത്തിൽ കൂട്ടായ നേതൃത്വവും ഉത്തരവാദിത്തവും എന്ന ആവശ്യം എന്നാണ് ജനയുഗം വ്യക്തമാക്കുന്നത്. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐ സംസ്ഥാന നേതൃത്വം പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യം ഉഭയകക്ഷി കൂടിയാലോചനകളിൽ ഉന്നയിച്ചതെന്നും ജനയുഗം വ്യക്തമാക്കുന്നുണ്ട്. സിപിഐ എം നേതൃത്വം ആ വിഷയം ഉഭയകക്ഷി ചർച്ചകളിൽ ഒതുക്കണമെന്നും മുന്നണിയോഗത്തിൽ ഉന്നയിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടത് സിപിഐ അംഗീകരിക്കുകയും മുന്നണിവേദിയിൽ അതേപ്പറ്റി പരാമർശിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാൽ സജീവവും അന്വേഷണാത്മകവുമായ മാധ്യമ സംസ്കാരം നിലനിൽക്കുന്ന കേരളത്തിൽ അത്തരം
വിഷയങ്ങൾ എക്കാലത്തേക്കും രഹസ്യമായി സൂക്ഷിക്കുക അസാധ്യമാണ്. അതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ അന്വേഷണങ്ങളോട് പ്രതികരിക്കാതിരിക്കാനും കഴിയില്ല. അതാണ് ഒരു ഉഭയകക്ഷി വിഷയത്തെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഇടയായ സാഹചര്യമെന്നും ജനയുഗം വിശദീകരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ സിപിഐ തങ്ങളുടെ നിലപാട് അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം വ്യക്തമാക്കാൻ നിർബന്ധിതവുമാണെ'ന്നും ജനയുഗം ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതിപക്ഷ നേതൃപദവി സിപിഐഎമ്മിൽ നിക്ഷിപ്തമായിരിക്കുന്നത് കീഴ്വഴക്കമാണെന്ന സിപിഐഎം നിലപാടിനെയും ജനയുഗം ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. 'എൽഡിഎഫിന്റെ തുടക്കം മുതൽ ഇന്നോളം പ്രതിപക്ഷ നേതൃസ്ഥാനവും ഉപനേതൃസ്ഥാനവും സിപിഐഎമ്മിൽ നിക്ഷിപ്തമായിരുന്നുവെന്നും ആ കീഴ്‌വഴക്കം അഭംഗുരം തുടരണമെന്നുമുള്ള വാദം സംസ്ഥാനത്തും രാജ്യത്തുമുണ്ടായ മാറ്റങ്ങളെ കണക്കിലെടുക്കാനോ അംഗീകരിക്കാനോ ഉള്ള വൈമുഖ്യമായി മാത്രമേ കാണാൻ കഴിയൂ എന്നും ജനയുഗം ലേഖനം വ്യക്തമാക്കുന്നുണ്ട്. ആ മാറ്റങ്ങളെക്കുറിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അസന്നിഗ്ധമായി വിലയിരുത്തിയിട്ടു'ണ്ടെന്നും ജനയുഗം ലേഖനം പറയുന്നു. 1977ന് ശേഷം ഇതാദ്യമായി രാജ്യത്തെ ഒരു സംസ്ഥാനത്തും നമ്മുടെ പാർട്ടി ഗവൺമെൻ്റിൽ ഇല്ലാതായിരി ക്കുന്നുവെന്ന സിപിഐഎം തെരഞ്ഞെടുപ്പ് അവലേകന റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ജനയുഗം തങ്ങളുടെ വാദം മുന്നോട്ട് വെയ്ക്കുന്നത്.
അടിയന്തരാവസ്ഥ കാലത്തെ ബാന്ധവം ഉയർത്തി സിപിഐയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ദേശാഭിമാനി ലേഖനത്തിലെ നിലപാടുകളെയും എതിർവാദങ്ങൾ ഉന്നയിച്ച് ജനയുഗം ലേഖനം പ്രതിരോധിക്കുന്നുണ്ട്. ആ നിലപാട് ഉറപ്പിക്കാനും സിപിഐഎമ്മിൻ്റെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച് അവലോകന റിപ്പോർട്ടിലെ നിലപാടാണ് ജനയുഗം പിടിവള്ളിയാക്കിയിരിക്കുന്നത്. കേരളത്തിലടക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി-സംഘപരിവാർ ശക്തികൾ ചെലുത്തിവരുന്ന വർധിത ഇടപെടലുകളും സ്വാധീനവും റിപ്പോർട്ട് വിലയിരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനി വിമർശനത്തെ ജനയുഗം പ്രതിരോധിക്കുന്നത്. സിപിഐഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച വിപത്തിനെ നേരിടാൻ എൽഡിഎഫിന് കീഴ്വഴക്കങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൂട്ടായ രാഷ്ട്രീയ പരിശ്രമവും അതിന് അനുയോജ്യമായ നേതൃത്വവും കൂടിയേ തീരു എന്നാണ് സിപിഐയുടെ സുചിന്തിതമായ അഭിപ്രായം എന്നും ജനയുഗം ലേഖനം വ്യക്തമാക്കുന്നുണ്ട്.
കോൺഗ്രസ് ബന്ധം എന്ന ദേശാഭിമാനി വിമർശനത്തെയും സമകാലിക വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ജനയുഗം പ്രതിരോധിക്കുന്നുണ്ട്. 'കോൺഗ്രസിൻ്റെ എല്ലാ പരിമിതികളും ആ പാർട്ടിയുടെ നയപരിപാടികളോടുള്ള എല്ലാ മുൻവിധികളും നിലനിൽക്കെ ഫാസിസ്റ്റ് വിപത്തിനെ പ്രതിരോധിക്കാൻ പൊതുവിൽ ജനാധിപത്യ മതേതര മൂല്യങ്ങൾ വിലമതിക്കുന്ന പാർലമെൻ്റിലെയും രാജ്യത്തെയും മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിൻ്റെ പങ്ക് ആർക്കാണ് നിഷേധിക്കാനാവുക' എന്നാണ് ജനയുഗം ചോദിക്കുന്നത്. അടിയന്തരാവസ്ഥയോടുള്ള സിപിഐയുടെ സമീപനത്തെപ്പറ്റി മുട്ടിന് മുട്ടിന് ഓർമ്മിക്കുന്നവർ തങ്ങളുടെ സാന്നിധ്യം രാജ്യത്തെ അറിയിക്കാൻ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെയാണ് മത്സരിച്ച് വിജയിച്ചതെന്നും മറക്കരുതെന്ന വിമർശനവും ജനയുഗം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
1996ൽ സിപിഐഎം പ്രധാനമന്ത്രി സ്ഥാനം ത്യജിച്ചതിനെക്കുറിച്ചുള്ള ദേശാഭിമാനി ലേഖനത്തിലെ നിലപാടിനെയും ജനയുഗം ലേഖനം ഖണ്ഡിക്കുന്നുണ്ട്. 1996ൽ രാജ്യത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാകാൻ പ്രത്യയശാസ്ത്ര കാരണങ്ങൾ നി രത്തി അനുവദിക്കാതിരുന്ന സിപിഐഎം നിലപാടിനെപ്പറ്റിയുള്ള ജ്യോതി ബസുവിൻ്റെ തന്നെ വിലയിരുത്തൽ ആരും വിസ്മരിച്ചിട്ടുണ്ടാവില്ല. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് രാജ്യത്തിൻ്റെയും ഇടതുപക്ഷത്തിന്റെയും ചരിത്രത്തിലെതന്നെ ഒരു നിർണായക വഴിത്തിരിവായി മാറുമായിരുന്നു'വെന്നും ജനയുഗം ലേഖനം ഓർമ്മിപ്പിക്കുന്നുണ്ട്.
കേരളത്തിൽ പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ നടക്കുന്ന രാഷ്ട്രീയ സംവാദം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയെ സംബന്ധിച്ച ഒന്നായി നോക്കി കാണാനാണ് സിപിഐ ആഗ്രഹിക്കുന്നതെന്നും ജനയുഗം ലേഖനം വ്യക്തമാക്കുന്നുണ്ട്. 'അതിന് സംസ്ഥാന എൽഡിഎഫിൽ കൂട്ടായ നേതൃത്വവും കൂട്ടായ ഉത്തരവാദിത്തവും അനിവാര്യമാണ്. ആ സാഹചര്യങ്ങളെപ്പറ്റിയും തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച നേതൃപരമായ പോരായ്മകളെപ്പറ്റിയുമെല്ലാം സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വിശദമായി പരാമർശിക്കുന്നുണ്ട്. അതോരോന്നും ഉദ്ധരിക്കാനുള്ള അവസരമായി ഈ ചർച്ചയെ മാറ്റേണ്ടതില്ലെന്നും ജനയും ലേഖനം പറയുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ വിപുലീകൃത പ്രത്യേക യോഗം സെപ്റ്റംബറിൽ ചേർന്ന് അത് വിലയിരുത്തും. അത് സ്വാഭാവികമായും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും കൂട്ടായ നേതൃത്വത്തിനും വഴിയൊരുക്കു'മെന്ന് പ്രത്യാശിക്കാമെന്ന് ചൂണ്ടിക്കാണിച്ചാണ് ജനയുഗത്തിൽ രാജാജി മാത്യു തോമസിൻ്റെ ലേഖനം അവസാനിക്കുന്നത്.
Content Highlights: Janayugam responds to criticism of the Emergency by recalling the Nilambur firing and the Modi government’s policy, highlighting political debates over state action and human rights.