കോണ്‍ഗ്രസിന് വിഷയ ദാരിദ്ര്യം: ഖർഗെ നേരിട്ടത് ജാതി അധിക്ഷേപമല്ല, കേസെടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്

കോണ്‍ഗ്രസിന് വിഷയ ദാരിദ്ര്യം: ഖർഗെ നേരിട്ടത് ജാതി അധിക്ഷേപമല്ല, കേസെടുക്കില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
dot image

ഡെറാഡൂണ്‍: മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് എതിരായ ജാതി അധിക്ഷേപ ആരോപണത്തിൽ കേസെടുക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കോണ്‍ഗ്രസിന് വിഷയ ദാരിദ്രമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പ്രതികരണം. മാലിന്യം തള്ളിയതിലും ചിലര്‍ നടത്തിയ മതപരമായ മുദ്രാവാക്യം വിളികളിലും പ്രതിഷേധിച്ച് ഒരു പ്രാദേശിക മതസംഘടന നടത്തിയ ശുചീകരണ ചടങ്ങ് മാത്രമായിരുന്നു ശുദ്ധികലശം എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഖര്‍ഗെയുടെ ജാതി എന്താണെന്ന് ഉത്തരാഖണ്ഡില്‍ ആര്‍ക്കും അറിയില്ലെന്നും അതാര്‍ക്കും അറിയേണ്ട കാര്യവുമില്ലെന്നുമായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള മുതിര്‍ന്ന നേതാവാണ് ഖര്‍ഗെ എന്നും പുഷ്‌കര്‍ സിംഗ് ധാമി പ്രതികരിച്ചു. ശുദ്ധികലശം നടത്തിയവരുടെ കൂട്ടത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആരുമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 'എല്ലാവരോടുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസം' എന്ന മന്ത്രവുമായാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഉത്തരാഖണ്ഡില്‍ ജാതി വിവേചനം ഉണ്ടെന്ന് ആരും വിശ്വസിക്കില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ശുദ്ധീകരണം' എന്നത് അയിത്തത്തിന്റെ മറ്റൊരു പേരാണെന്നും ഇത് ഭരണഘടന പ്രകാരം കുറ്റകരമാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഭരണഘടനയുടെ ആശയധാരയും ബിജെപി-ആര്‍എസ്എസ് ആശയധാരയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നായിരുന്നു ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

'രാജസ്ഥാനിലെ ഞങ്ങളുടെ സിഎല്‍പി (കോണ്‍ഗ്രസ് നിയമസഭാ കക്ഷി) നേതാവ് ഒരു ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ ബിജെപി നേതാക്കള്‍ 'ശുദ്ധീകരണ' ചടങ്ങ് നടത്തുന്നു. രാജ്യത്തിനും ഭരണഘടനയ്ക്കുമായി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് പ്രസംഗിക്കാന്‍ പോകുമ്പോള്‍ അവിടെയും ശുദ്ധീകരണ ചടങ്ങ് നടത്തപ്പെടുന്നു. ആരാണ് ഇത് ചെയ്യുന്നത്? ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമുള്ള ആളുകളാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി ആരോപിച്ചത്.

ദളിതര്‍ 'അശുദ്ധരാണെന്നും' അവരെ സ്പര്‍ശിക്കരുതെന്നുമാണ് ഈ ചടങ്ങ് സൂചിപ്പിക്കുന്നതെന്നും ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഇതൊരു കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2027-ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഗസ്റ്റ് 8-ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന കോണ്‍ഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉടലെടുത്തത്. ഒരു വലതുപക്ഷ സംഘടനയിലെ അംഗങ്ങള്‍ ഖര്‍ഗെ പ്രസംഗിച്ച് മടങ്ങിയ വേദിയില്‍ ശുദ്ധീകരണ ചടങ്ങ് നടത്തിയതാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

Content Highlights: Uttarakhand government sources have said there is no plan to register a case over the alleged caste-based remarks against Congress president Mallikarjun Kharge. Chief Minister Pushkar Singh Dhami dismissed the Congress criticism, saying the purification ceremony was conducted by a local religious organisation following a protest over littering and religious slogans.

dot image
To advertise here,contact us
dot image