'സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും'

സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാനും പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും എസ്എഫ്ഐ

'സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും'
dot image

കൊച്ചി: സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ എസ്എഫ്‌ഐ രംഗത്ത്. സമസ്ത കേരള പുറത്തിറക്കിയ സര്‍ക്കുലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാര്‍ക്കിടയില്‍ യുവതികളെ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്‌ലിം വനിതകള്‍ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളില്‍ നയിക്കുകയും, ചരിത്രത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകള്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുന്ന ഈ സാഹചര്യത്തില്‍ അവരെ വീടിനുള്ളില്‍ തളച്ചിടാനും പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികള്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും നേതാക്കള്‍ പറഞ്ഞു.

സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ 'പ്രദര്‍ശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനല്‍കുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകള്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആര്‍ട്ടിക്കിള്‍ 19 നല്‍കുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാല്‍ പോലും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങള്‍ക്കും തുല്യാവകാശങ്ങള്‍ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പന്‍ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കാനുമായി വിദ്യാര്‍ത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

Content Highlights- SFI criticised a circular issued by Samasta regarding women's presence in public platforms. The organisation said that describing women's participation in public spaces as exhibition amounts to misogyny and intolerance

dot image
To advertise here,contact us
dot image