സ്ത്രീകള്‍ക്കെതിരായ സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും: കെ കെ ശൈലജ

സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണെന്നും കെ കെ ശൈലജ പറഞ്ഞു

സ്ത്രീകള്‍ക്കെതിരായ സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും: കെ കെ ശൈലജ
dot image

കണ്ണൂര്‍: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയിൽ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് കെ കെ ശൈലജ. കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ് സമസ്തയുടെ നിലപാടെന്ന് അവർ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

കേരളത്തിലെ സ്ത്രീകള്‍ മികച്ച വിദ്യാഭ്യാസം നേടി പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പലരും എംഎല്‍എമാരും ജനപ്രതിനിധികളും ഡോക്ടര്‍മാരും അധ്യാപകരും വക്കീലന്മാരുമാണ്. അവര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുകയും യോഗങ്ങളില്‍ വേദി പങ്കിടുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണെന്നും ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ലെന്നും ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണ്. ഇന്ന് കേരളത്തില്‍ മുസ്ലിം സ്തീകള്‍ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ തുറകളില്‍ വിന്യസിക്കപ്പെട്ടവരുമാണ് അവരില്‍ എം എല്‍ എമാരും മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ട്. ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അധ്യാപകരും ടെക്നോ ക്രാറ്റുകളും തൊഴിലാളികളുമുണ്ട്. അവര്‍ പൊതു സ്ഥലങ്ങളില്‍ ഒത്തുചേരുകയും മീറ്റിംഗ് കളില്‍ വേദി പങ്കെടുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുകയില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡല്‍ ആചാരക്രമമാണ്. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹ്യ സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയില്‍ നിന്ന് ഇങ്ങനെയൊരു അഭിപ്രായപ്രകടനമുണ്ടാകുന്നത് ശരിയല്ല

ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്നായിരുന്നു സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിവാദ പ്രസ്താവന. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. ഇസ്ലാമിക ആഘോഷങ്ങള്‍ അതിരുകടക്കരുതെന്നും ഇതിനായി മഹല്ല് നേതൃത്വം ജാഗ്രത പാലിക്കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Content Highlights: KK Shailaja criticized a statement by Samastha related to women, describing it as outdated and extremely anti-women. The former Kerala minister expressed her views on the remarks and raised concerns regarding the approach towards women in society.

dot image
To advertise here,contact us
dot image