'അനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര അച്ചടക്ക ലംഘനം'; ഗ്രൂപ്പ് പോരെന്ന ആരോപണം തള്ളി എന്‍ ശക്തന്‍

അനിലിനെതിരെ നടപടി വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായി എൻ ശക്തൻ

'അനിലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര അച്ചടക്ക ലംഘനം'; ഗ്രൂപ്പ് പോരെന്ന ആരോപണം തള്ളി എന്‍ ശക്തന്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തിൽ മുൻ ഡിസിസി അംഗം ചേന്തി അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്കലംഘനമെന്ന് ഡിസിസി പ്രസിഡന്റ് എൻ ശക്തന്‍. ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ഇയാൾ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരം അറിയില്ലെന്നും എന്‍ ശക്തന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരുണ്ടെന്ന അനിലിന്റെ വാദം എൻ ശക്തന്‍ തള്ളി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും അനിലിനെതിരെ നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതെന്നും ശക്തൻ പറഞ്ഞു. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ അനിലിന് വിശദീകരണം എഴുതി നല്‍കാം. അത് പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം നടത്തും. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും ശക്തന്‍ വ്യക്തമാക്കി.

ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്. മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെന്നും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞിരുന്നു.

Content Highlights: Chendi Anil has been expelled from the party following allegations of serious disciplinary violations. N Shakthan announced the action, citing the breach of party discipline as the reason for the decision.

dot image
To advertise here,contact us
dot image