ഗെയ്ല്‍ സാക്ഷി; ത്രില്ലര്‍ പോരാട്ടത്തില്‍ കൊച്ചിയ്ക്ക് ഒരു റണ്ണിന്റെ നാടകീയ വിജയം

തുടരെയുള്ള അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് കൊച്ചി വിജയവഴിയില്‍ മടങ്ങിയെത്തിയത്

ഗെയ്ല്‍ സാക്ഷി; ത്രില്ലര്‍ പോരാട്ടത്തില്‍ കൊച്ചിയ്ക്ക് ഒരു റണ്ണിന്റെ നാടകീയ വിജയം
dot image

അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനെ ഒരു റണ്ണിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 171 റണ്‍സ് പിന്തുടര്‍ന്ന തൃശൂര്‍ ജയത്തിന് തൊട്ടരികില്‍ വെച്ചാണ് കാലിടറി വീണത്. തുടരെയുള്ള അഞ്ച് പരാജയങ്ങള്‍ക്ക് ശേഷമാണ് കൊച്ചി വിജയവഴിയില്‍ മടങ്ങിയെത്തിയത്. മൂന്ന് നിര്‍ണായക വിക്കറ്റുകളുമായി കൊച്ചിക്ക് വിജയമൊരുക്കിയ കാര്‍ത്തിക് ബി നായരാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. സ്‌കോര്‍: കാച്ചി ബ്ലൂ ടൈഗേഴ്‌സ്- 20 ഓവറില്‍ 171/10 , തൃശൂര്‍ ടൈറ്റന്‍സ്- 20 ഓവറില്‍ 170/10

മുന്‍നിരയും വാലറ്റവും നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ മനുകൃഷ്ണനും സച്ചിന്‍ സുരേഷും ചേര്‍ന്ന് പടുത്തുയര്‍ത്തിയ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്‌കോറിലെത്തിച്ചത്. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ പത്ത് റണ്‍സെടുത്ത വിപുല്‍ ശക്തിയുടെ വിക്കറ്റ് കൊച്ചിക്ക് നഷ്ടമായി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും വിനൂപ് മനോഹരനും അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. 26 റണ്‍സെടുത്ത വിനൂപിന് പിറകെ മുഹമ്മദ് ഷാനുവും (12) സാലി സാംസണും (10) കൂടി മടങ്ങിയതോടെ നാല് വിക്കറ്റിന് എഴുപത് റണ്‍സെന്ന നിലയിലായിരുന്നു കൊച്ചി. തുടര്‍ന്ന് അഞ്ചാം വിക്കറ്റിലൊരുമിച്ച മനുകൃഷ്ണനും സച്ചിന്‍ സുരേഷും ചേര്‍ന്നാണ് കൊച്ചിയെ കരകയറ്റിയത്. സമ്മര്‍ദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. വെറും 41 പന്തുകളില്‍ നിന്ന് 90 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചു കൂട്ടിയത്. കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കൊച്ചിയെ ശരത് ചന്ദ്രപ്രസാദിന്റെയും അബ്ദുള്‍ റമീസിന്റെയും തകര്‍പ്പന്‍ സ്‌പെല്ലാണ് പിടിച്ചുകെട്ടിയത്. 50 റണ്‍സെടുത്ത മനുകൃഷ്ണനെ പുറത്താക്കി ശരത് ചന്ദ്രപ്രസാദാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടടുത്ത ഓവറില്‍ സച്ചിന്‍ സുരേഷിനെയും (46) ആല്‍ഫി ഫ്രാന്‍സിസിനെയും (2) പുറത്താക്കി അബ്ദുള്‍ റമീസും ആഞ്ഞടിച്ചു. അടുത്ത ഓവറില്‍ തുടരെയുള്ള പന്തുകളില്‍ ബേസില്‍ തമ്പിയെയും കാര്‍ത്തിക് ബി നായരെയും പുറത്താക്കി ശരത് കൊച്ചിക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ആഷിക്കിനെ പുറത്താക്കി റമീസ് കൊച്ചിയുടെ ഇന്നിങ്‌സിന് അവസാനമിട്ടു. തൃശൂൂരിന് വേണ്ടി ശരത് നാലും റമീസ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍മാരായ സഞ്ജീവ് സതീശനും (10) അഹ്‌മദ് ഇമ്രാനും (5) വേഗത്തില്‍ മടങ്ങി. എന്നാല്‍ ഷോണ്‍ റോജറും നിഖില്‍ തോട്ടത്തും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് പിറന്നു. 31 റണ്‍സെടുത്ത നിഖിലിനെ പുറത്താക്കി കാര്‍ത്തിക് ബി നായരാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. ഷോണും എ കെ അര്‍ജുനും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടും തൃശൂരിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെയുള്ള പന്തുകളില്‍ ഷോണ്‍ റോജറെയും (41) മുഹമ്മദ് ഇനാനെയും പുറത്താക്കി കാര്‍ത്തിക് ബി നായര്‍ കൊച്ചിക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. തൊട്ടടുത്ത ഓവറില്‍ എ.കെ. അര്‍ജുന്‍ ((32) കൂടി പുറത്തായതോടെ തൃശൂര്‍ തോല്‍വി ഉറപ്പിച്ചെന്ന് കരുതിയ ഘട്ടത്തിലാണ് ക്യാപ്റ്റന്‍ എം എസ് അഖിലും എസ് എസ് ഷാരോണും ചേര്‍ന്ന് തകര്‍പ്പന്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. ഇരുവരും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ കളി വീണ്ടും ആവേശത്തിലേക്ക് നീങ്ങി.15 റണ്‍സെടുത്ത അഖില്‍ പുറത്തായെങ്കിലും ഷാരോണ്‍ കൂറ്റന്‍ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ മത്സരം അവസാന ഓവറിലേക്ക്. ഇരുപതാം ഓവര്‍ തുടങ്ങുമ്പോള്‍ 11 റണ്‍സായിരുന്നു തൃശൂരിന് ജയിക്കാന്‍ വേണ്ടത്. നാലാം പന്ത് സിക്‌സര്‍ പറത്തി ഷാരോണ്‍ ടീമിനെ വിജയത്തിന് തൊട്ടരികിലെത്തിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷാരോണിനെ പുറത്താക്കി ആഷിക് കളി കൊച്ചിയുടെ വരുതിയിലാക്കി. തൃശൂരിന്റെ മറുപടി 170 ല്‍ അവസാനിച്ചപ്പോള്‍ കൊച്ചിക്ക് ഒരു റണ്ണിന്റെ നാടകീയ വിജയം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തിക്കിന് പുറമെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബേസില്‍ തമ്പിയും മുഹമ്മദ് ആശിക്കും കൊച്ചി ബൗളിങ് നിരയില്‍ തിളങ്ങി.

ഗ്രീന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് 'യൂണിവേഴ്‌സല്‍ ബോസ്'
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ ആവേശക്കടലാക്കി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത പ്രകടനം. കേരള ക്രിക്കറ്റ് ലീഗിലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്-തൃശ്ശൂര്‍ ടൈറ്റന്‍സ് മത്സരത്തിന് ശേഷമാണ് കാണികള്‍ക്ക് ആവേശമായി 'യൂണിവേഴ്‌സ് ബോസ്' നേരിട്ട് മൈതാനത്തിറങ്ങിയത്. മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി ബാറ്റ് കയ്യിലെടുത്ത ഗെയ്ല്‍ ഗ്രീന്‍ഫീല്‍ഡില്‍ സിക്‌സര്‍ മഴ പെയ്യിച്ചു. മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഉടമ സുഭാഷ് മാനുവല്‍, തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ യുവതാരം മുഹമ്മദ് ഇനാന്‍ എന്നിവരാണ് ഗെയിലിന് പന്തെറിയാന്‍ എത്തിയത്. ഇവര്‍ എറിഞ്ഞ പന്തുകളെല്ലാം ഗെയ്ല്‍ അനായാസം ബൗണ്ടറി കടത്തി. ഗെയ്ല്‍ ഓരോ സിക്‌സ് അടിക്കുമ്പോഴും ഗ്യാലറിയില്‍ വന്‍ ഹര്‍ഷാരവമാണ് ഉയര്‍ന്നത്. പിന്നീട് ബാറ്റ് വീശാന്‍ ശ്രീശാന്തും ഇറങ്ങി. ശ്രീശാന്തിനെതിരെ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ തന്നെ പന്തെറിഞ്ഞത് കാണികള്‍ക്ക് ഇരട്ടിമധുരമായി. തുടര്‍ന്ന് വീണ്ടും ബാറ്റ് എടുത്ത ഗെയ്ല്‍ സ്റ്റേഡിയത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. വെടിക്കെട്ട് ബാറ്റിംഗിന് പുറമെ തന്റെ കിടിലന്‍ നര്‍മ്മബോധം കൊണ്ടും ഗെയ്ല്‍ ആരാധകരുടെ മനംകവര്‍ന്നു. ശ്രീശാന്തിന്റെ ശിക്ഷണത്തില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ആക്ഷന്‍ അനുകരിച്ച ഗെയ്ല്‍, സദസ്സിനെ നോക്കി 'എന്താ മോനെ ദിനേശാ…' എന്ന് പറഞ്ഞത് ഗ്യാലറിയില്‍ ചിരിപ്പൂരമൊരുക്കി. കാണികളോട് അദ്ദേഹം മലയാളത്തില്‍ സംസാരിക്കുകയും അവരിലൊരാളായി ഇടപഴകുകയും ചെയ്തു.
ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി സെക്രട്ടറി വിനോദ് എസ്. കുമാര്‍ ക്രിസ് ഗെയിലിനെ ആദരിച്ചു. കളിക്കളത്തിലെ ഗൗരവങ്ങള്‍ മാറ്റിവെച്ച് തങ്ങളുടെ പ്രിയതാരം ഗ്രീന്‍ഫീല്‍ഡില്‍ നിറഞ്ഞാടിയത് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് പകരം വെക്കാനില്ലാത്ത ഒരു നവ്യാനുഭവമായി മാറി.

content highlights: Chris Gayle Witnesses Thriller: Kochi Blue Tigers Clinch 1-Run Victory

dot image
To advertise here,contact us
dot image