

മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്റെ ജയില്‍വാസത്തിലും ആരോഗ്യനിലയിലും ആശങ്ക പ്രകടിപ്പിച്ച് സഹതാരവും ഇതിഹാസ ബാറ്ററുമായ ജാവേദ് മിയാന്‍ദാദ്. ഇമ്രാനെതിരായ നടപടികള്‍ അവസാനിപ്പിച്ച് അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് വൈകാരികമായി സംസാരിക്കവേ മിയാന്‍ദാദ് ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാന്‍ ജയിലിലായ ശേഷം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തുന്ന ആദ്യത്തെ പ്രമുഖ പാകിസ്താന്‍ താരമാണ് മിയാന്‍ദാദ്.
ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മിയാന്‍ദാദ് തന്റെ മനസ്സുതുറന്നത്. 'അദ്ദേഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം എത്രയും വേഗം പരിഹരിക്കപ്പെടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ഇത് അര്‍ഹിക്കുന്നില്ല. അദ്ദേഹത്തോട് ചെയ്യുന്നത് തീര്‍ത്തും തെറ്റാണ്, ആവശ്യമില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹത്തിനും ഒരു കുടുംബമുണ്ട്' -മിയാന്‍ദാദ് പറഞ്ഞു. 'ജയിലില്‍ അദ്ദേഹം എന്ത് ചെയ്യുകയായിരിക്കും, എന്തായിരിക്കും ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഞങ്ങള്‍ അത്രയധികം അടുപ്പമുള്ളവരായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റിനെ ഞങ്ങള്‍ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കുമ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നുന്നു' വിങ്ങിപ്പൊട്ടിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനും ഇമ്രാനും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു എന്ന പ്രചാരണങ്ങളെ മിയാന്‍ദാദ് തള്ളിപ്പറഞ്ഞു. 'ഞങ്ങള്‍ തമ്മില്‍ മത്സരബുദ്ധിയോ വഴക്കുകളോ ഉണ്ടായിരുന്നില്ല. ഇമ്രാന്‍ എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തതായി ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് മികച്ച നിമിഷങ്ങള്‍ പങ്കിട്ടവരാണ്' -അദ്ദേഹം വ്യക്തമാക്കി.
2023 മുതല്‍ അദിയാല ജയിലില്‍ കഴിയുന്ന 73-കാരനായ ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ ആശങ്കകളാണ് ഉയരുന്നത്. അദ്ദേഹത്തിന് കൃത്യമായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാറ്റ് കമ്മിന്‍സ്, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി 22 മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം ലണ്ടനിലെ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാനും കാസിമും സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പിതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നും കടുത്ത ഒറ്റപ്പെടലിലാണ് അദ്ദേഹം കഴിയുന്നതെന്നും ആരോപിച്ചിരുന്നു.
content highlights: "What is Being Done to Him is Not Right": Javed Miandad Steps In to Support Imran Khan