

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നൂറ് ദിവസമായി. നൂറ് ദിവസം പൂര്‍ത്തിയാക്കിയ ദിവസം അവകാശവാദങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കുകയാണ് സിപിഐഎം. 'നെറികേടിന്റെ നൂറുനാളുകള്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സിപിഐഎം പോസ്റ്റ് പങ്കുവെച്ചു.
വി ഡി സതീശന്റെ ചിത്രം ഉള്‍പ്പെടുന്ന കാര്‍ഡുകളാണ് സിപിഐഎം പങ്കുവെച്ചിരിക്കുന്നത്. ഓരോ കാര്‍ഡുകളിലും സര്‍ക്കാരിന്റെ വീഴ്ചകള്‍ എന്ന നിലയിലുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷ കെടുതിയില്‍ ദുരിതമനുഭവിച്ചവരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സിപിഐഎം കുറ്റപ്പെടുത്തി. കാലവര്‍ഷ ദുരിത ബാധിതര്‍ക്കുള്ള സഹായധനം വെറും വാക്കായെന്നും വിമര്‍ശനമുണ്ട്. വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ ഗുരുതര വീഴ്ച സംഭവിച്ചു. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ധനസഹായം വിതരണം ചെയ്തില്ലെന്നും സിപിഐഎം വിമര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് നിര്‍ത്തലാക്കിയത് ചൂണ്ടിക്കാട്ടിയും സര്‍ക്കാരിനെതിരെ സിപിഐഎം ആഞ്ഞടിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുൻ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ കാര്‍ഡ് അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.
വീക്ഷണം അടക്കമുള്ള മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തിലായിരുന്നു സര്‍ക്കാര്‍ അധികാരത്തിലേറി നൂറാം ദിനത്തില്‍ അവകാശവാദവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയത്. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കടന്നതായി മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുമെന്നും സതീശന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണെന്നും വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സതീശന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സതീശന്‍ അവകാശപ്പെട്ടിരുന്നു.
Content Highlights- The CPI(M) has criticised the V D Satheesan government on the completion of its first 100 days in office. The party described the period as one of hardship and alleged misgovernance, contrasting its assessment with the government’s claims about its achievements and governance