

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തര്‍ക്കത്തില്‍ വാതില്‍ അടഞ്ഞിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്. റിപ്പോര്‍ട്ടറിനോടായിരുന്നു സിപിഐ നേതാവിൻ്റെ പ്രതികരണം. ഉപനേതാവ് ചര്‍ച്ചയ്ക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ കഴിയില്ലെന്നും ചര്‍ച്ച തുടരും എന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയനെതിരായ വിമര്‍ശനവും പ്രസാദിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.
പിണറായിയുടെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നും ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കം സിപിഐയുമായി ചര്‍ച്ച നടത്തുകയാണ്. അതിനിടയിലുള്ള പ്രതികരണം മുന്നണി ഐക്യത്തെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃക ആകേണ്ടവര്‍ മുന്നണി മര്യാദയുടെ ബാല പാഠം മറന്ന് പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ചര്‍ച്ച തുടരുമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അതിനിടെ അഭിപ്രായം പറയുന്നത് മുന്നണിയുടെ കെട്ടുറപ്പിന് ഗുണകരമല്ലെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നു എന്നതാണ് പി പ്രസാദിന്റെ പരാമര്‍ശത്തില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും. ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവി അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. അന്നും പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ലെന്നും പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പദവി സിപിഐഎമ്മിനാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. തര്‍ക്ക വിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഉഭയ കക്ഷി ചര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ മുതിര്‍ന്ന നേതാവ് ആണ് പിണറായി വിജയന്‍ എന്നും ഘടകകക്ഷികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നുമായിരുന്നു ഡി രാജയുടെ വിമര്‍ശനം. സിപിഐയുടേത് വളരെ ന്യായമായ ആവശ്യമാണെന്നും പരസ്യപ്രസ്താവനകള്‍ ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ പിണറായി വിജയനോട് പറയണം എന്നും ഡി രാജ പറഞ്ഞിരുന്നു.
Content Highlights: CPI state secretariat member P Prasad said discussions over the Deputy Opposition Leader post within the LDF have not ended and maintained that the position should be given to the CPI. He also criticised Pinarayi Vijayan’s remarks, saying unilateral positions should not be accepted and that comments during ongoing discussions could affect the unity of the front.