കൊച്ചിയിൽ ഇനി സിനിമ വേറെ ലെവൽ; ഇന്ത്യയിലെ ആദ്യ 4K HDR എൽഇഡി സ്‌ക്രീനുമായി യു.എഫ്.ഒ സിനിമ സൊല്യൂഷൻസ്

സ്‌ക്രീൻ തന്നെ ചിത്രം സൃഷ്ടിക്കുന്ന ഡയറക്ട് വ്യൂ എൽഇഡി സാങ്കേതികവിദ്യയാണ് മാഗ്നോവയിൽ ഉപയോഗിച്ചിരിക്കുന്നത്

കൊച്ചിയിൽ ഇനി സിനിമ വേറെ ലെവൽ; ഇന്ത്യയിലെ ആദ്യ 4K HDR എൽഇഡി സ്‌ക്രീനുമായി യു.എഫ്.ഒ സിനിമ സൊല്യൂഷൻസ്
dot image

സിനിമാ പ്രദർശന രംഗത്ത് പുതിയ സാങ്കേതികവിദ്യയുമായി യു.എഫ്.ഒ സിനിമ സൊല്യൂഷൻസ്. കമ്പനിയുടെ പ്രീമിയം ലാർജ് ഫോർമാറ്റ് സിനിമാ സംവിധാനമായ 'മാഗ്നോവ' (MAGNOVA)യുടെ ആദ്യ ഓഡിറ്റോറിയം കൊച്ചിയിലെ കാക്കനാട് മാജിക് ഫ്രെയിംസിൽ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യ അക്കോസ്റ്റിക് ട്രാൻസ്‌പാരന്റ് ഡയറക്ട് വ്യൂ 4K എച്ച്ഡിആർ എൽഇഡി സിനിമാ സ്‌ക്രീൻ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. പരമ്പരാഗത പ്രൊജക്ടർ ഉപയോഗിച്ച് സ്‌ക്രീനിലേക്ക് ചിത്രം പതിപ്പിക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി, സ്‌ക്രീൻ തന്നെ ചിത്രം സൃഷ്ടിക്കുന്ന ഡയറക്ട് വ്യൂ എൽഇഡി സാങ്കേതികവിദ്യയാണ് മാഗ്നോവയിൽ ഉപയോഗിച്ചിരിക്കുന്നത്.

കൊച്ചിയിലെ മാഗ്നോവ സ്‌ക്രീനിന് 14 മീറ്റർ വീതിയും 6 മീറ്റർ ഉയരവുമുണ്ട്. 3.91 മില്ലിമീറ്റർ പിക്‌സൽ പിച്ചുള്ള സ്‌ക്രീൻ ഡി.സി.ഐ അംഗീകൃത ഡയറക്ട് വ്യൂ എൽഇഡി സാങ്കേതികവിദ്യയും 4K എച്ച്ഡിആർ ശേഷിയും ഉൾക്കൊള്ളുന്നതാണ്. സാധാരണ പ്രൊജക്ഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ തെളിച്ചം, കൂടുതൽ ആഴമുള്ള കറുപ്പ് നിറം, മികച്ച കോൺട്രാസ്റ്റ്, സ്‌ക്രീനിലുടനീളം ഒരേ നിലവാരത്തിലുള്ള ദൃശ്യഗുണമേന്മ എന്നിവയാണ് സാങ്കേതികവിദ്യയുടെ പ്രത്യേകതകളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

മാഗ്നോവയുടെ പ്രധാന സവിശേഷതകളിലൊന്നാണ് അക്കോസ്റ്റിക് ട്രാൻസ്‌പാരന്റ് സംവിധാനം. സാധാരണ എൽഇഡി സ്‌ക്രീനുകളിൽ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകൾ സ്‌ക്രീനിന് പിന്നിൽ സ്ഥാപിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. എന്നാൽ മാഗ്നോവയിൽ ശബ്ദം കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് സ്‌ക്രീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ സ്പീക്കറുകൾ നേരിട്ട് സ്‌ക്രീനിന് പിന്നിൽ സ്ഥാപിക്കാനാകും. ഇതുവഴി സ്‌ക്രീനിൽ കാണുന്ന ദൃശ്യങ്ങളുമായി സംഭാഷണം, സംഗീതം, ശബ്ദപ്രഭാവങ്ങൾ എന്നിവ കൂടുതൽ സ്വാഭാവികമായി ഒത്തുചേരുന്ന ശബ്ദാനുഭവം ലഭിക്കും.

ഹെയ്‌ലെഡ് ബൈ ടൈംവേയിങ് (HEYLED by TIMEWAYING) സാങ്കേതികവിദ്യയാണ് മാഗ്നോവയിൽ ഉപയോഗിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് ഇമ്മേഴ്‌സീവ് ഓഡിയോയും പൾസ് സിനിമാ സ്പീക്കറുകളും സംവിധാനത്തിന്റെ ഭാഗമാണ്. അതിനാൽ വലിയ സ്‌ക്രീൻ മാത്രമല്ല, ദൃശ്യവും ശബ്ദവും ഒരുമിച്ച് മെച്ചപ്പെടുത്തുന്ന സമഗ്രമായ പ്രീമിയം സിനിമാ അനുഭവമാണ് മാഗ്നോവയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എഫ്.ഒ സിനിമ സൊല്യൂഷൻസ് പറയുന്നു.

ഇന്ത്യയിൽ ഏകദേശം 10,000 സിനിമാ സ്‌ക്രീനുകളുണ്ടെങ്കിലും അതിൽ ഏകദേശം 50 എണ്ണം മാത്രമാണ് നിലവിൽ പ്രീമിയം ലാർജ് ഫോർമാറ്റ് സ്‌ക്രീനുകളായി പ്രവർത്തിക്കുന്നത്. വീട്ടിലിരുന്ന് ഉയർന്ന നിലവാരത്തിലുള്ള ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളിൽ സിനിമ കാണാനുള്ള സൗകര്യം വർധിക്കുന്ന സാഹചര്യത്തിൽ, തിയറ്ററുകളിൽ പ്രേക്ഷകർക്ക് വീട്ടിൽ ലഭിക്കാത്ത തരത്തിലുള്ള അനുഭവം ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സാങ്കേതികവിദ്യകൾക്ക് സാധ്യത വർധിപ്പിക്കുന്നതെന്ന് കമ്പനി വിലയിരുത്തുന്നു.

അവതാർ, അവഞ്ചേഴ്‌സ്, സ്‌പൈഡർമാൻ, ഒഡീസി തുടങ്ങിയ വലിയ ദൃശ്യവിസ്മയം ആവശ്യപ്പെടുന്ന സിനിമകൾക്കും വരാനിരിക്കുന്ന രാമായണം പോലുള്ള ഇന്ത്യൻ ചിത്രങ്ങൾക്കും വലിയ സ്‌ക്രീൻ വലുപ്പം, കോൺട്രാസ്റ്റ്, നിറങ്ങളുടെ കൃത്യത, ഇമ്മേഴ്‌സീവ് ശബ്ദം എന്നിവ പ്രേക്ഷകാനുഭവത്തെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുമെന്ന് മഗ്നോവ പ്രതീക്ഷിക്കുന്നു.

യു.എഫ്.ഒ സിനിമ സൊല്യൂഷൻസ് ബിസിനസ് ഹെഡ് പ്രദീപ് ഷെട്ടിയുടെ അഭിപ്രായത്തിൽ, പ്രീമിയം ലാർജ് ഫോർമാറ്റ് സിനിമാ രംഗത്ത് കമ്പനി രണ്ട് സാങ്കേതിക സംവിധാനങ്ങളാണ് ഇന്ത്യയിലെ പ്രദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രീമിയം ലാർജ് ഫോർമാറ്റ് പ്രൊജക്ഷൻ സംവിധാനങ്ങൾക്കായി സിനിറ്റിയും ഡയറക്ട് വ്യൂ എൽഇഡി സിനിമാ സ്‌ക്രീനുകൾക്കായി ഹെയ്‌ലെഡ് (HEYLED)മാണ് അവ. പ്രൊജക്ടറിന് പകരം എൽഇഡി സ്‌ക്രീൻ സ്ഥാപിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല മാഗ്നോവയെന്നും സ്‌ക്രീൻ, ശബ്ദസംവിധാനം, തിയറ്റർ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെല്ലാം ചേർന്ന സമഗ്രമായ പ്രീമിയം ഓഡിറ്റോറിയം അനുഭവമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിക്ക് പിന്നാലെ, മാഗ്നോവയെ ഇന്ത്യയിലെ മറ്റ് വിപണികളിലേക്കും എത്തിക്കാനാണ് യു.എഫ്.ഒ സിനിമ സൊല്യൂഷൻസിന്റെ പദ്ധതി. വ്യവസായ മേഖലയിലെ ഔദ്യോഗിക അവതരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 18ന് നടന്ന ബിഗ് സിനി എക്സ്പോയിലും മാഗ്നോവ അവതരിപ്പിച്ചിരുന്നു. കാക്കനാട് മാജിക് ഫ്രെയിംസിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ, മന്ത്രിമാർ, സിനിമ താരങ്ങളായ ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷെയ്ൻ നിഗം, ബേസിൽ ജോസഫ്, ജയസൂര്യ, മഞ്ജു വാര്യർ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: UFO Cinema Solutions Introduces India's First Acoustic Transparent Direct View 4K HDR LED Cinema Screen

dot image
To advertise here,contact us
dot image