

മനസ്സ് നിറയെ കേരളീയതയുമായി ഒമാനിലെ പ്രവാസി മലയാളികൾ വീണ്ടുമൊരു പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുടെയും കൂട്ടായ്മകളുടെയും ദീർഘമായൊരു ഓണക്കാലത്തിനാണ് ഒമാൻ സുൽത്താനേറ്റിൽ ഇപ്പോൾ അരങ്ങുണരുന്നത്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിന് മുമ്പ് തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. വരും ദിവസങ്ങളിലും തുടരുന്ന ആഘോഷങ്ങൾ ആഴ്ചകൾ മാത്രമായിരിക്കില്ല, മാസങ്ങളോളം നീണ്ടുനിൽക്കും.
ഇനിയുള്ള എല്ലാ വാരാന്ത്യ ഒഴിവുദിനങ്ങളിലും മഹാബലിയും ഓണക്കളികളും പാട്ടും ചിരിയും സദ്യവട്ടങ്ങളുമായി പ്രവാസി മലയാളികൾ ആഘോഷങ്ങളിൽ അലിയും. ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ മലയാള വിഭാഗം ഓണാഘോഷം സെപ്റ്റംബർ 3, 4, 5 തീയതികളിൽ നടക്കും. പാലക്കാട് ജില്ലാ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സിന്റെ ഓണാഘോഷം ഓഗസ്റ്റ് 28-ന് പിന്നണി ഗായിക സിതാര കൃഷ്ണകുമാർ നയിക്കുന്ന ഗാനമേളയോടെ നടക്കുമെന്ന് പ്രസിഡന്റ് പി. ശ്രീകുമാർ അറിയിച്ചു. എറണാകുളം ജില്ലാ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ 25-ന് നടക്കുമെന്ന് പ്രസിഡന്റ് അനീഷ് കടവിലും വ്യക്തമാക്കി.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ കേരള വിഭാഗം, മലബാർ വിഭാഗം, മറ്റ് ജില്ലാ കൂട്ടായ്മകൾ, കോളേജ് അലുമിനികൾ തുടങ്ങി നിരവധി കൂട്ടായ്മകളുടെ ആഘോഷ പരിപാടികൾ വരാനിരിക്കുന്നതേയുള്ളൂ. ഇത്തവണ തിരുവോണദിനം പ്രവൃത്തിദിനമാണെങ്കിലും, തൊട്ടടുത്ത ദിവസങ്ങളിൽ നബിദിനമടക്കം തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ്. ഇത് ഒമാനിലെ ഓണാഘോഷങ്ങളുടെ പൊലിമ കൂട്ടും.
ഓണത്തിനുള്ള പൂക്കൾ മുതൽ കൂടുതൽ പച്ചക്കറികളും ഇന്ത്യയിൽ നിന്നും മറ്റ് പല രാജ്യങ്ങളിൽ നിന്നുമായി ഒമാനിൽ എത്തിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകളിലൊക്കെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി ഓഫറുകളും വിപണിയിലുണ്ട്. പല പ്രമുഖ ഹോട്ടലുകളും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കാൻ നാട്ടിൽ നിന്ന് പ്രഗത്ഭരായ പാചകക്കാരെ എത്തിച്ചിട്ടുണ്ട്.
നാട്ടിൽ നിന്നുള്ള ഒട്ടനവധി ഗായകരും മിമിക്രി താരങ്ങളും കലാകാരന്മാരും ഇതിനകം തന്നെ ഗൾഫിൽ എത്തിക്കഴിഞ്ഞു. ഗൾഫിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള ആഴ്ചകൾ ഉത്സവപ്പറമ്പുകൾക്ക് തുല്യമായിരിക്കും. മാസമൊടുവോളം നീളുന്ന ഈ കലാസന്ധ്യകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് കലാകാരന്മാരാണ് ഇത്തവണയും എമിഗ്രേഷൻ കടന്ന് ഒമാനിലെത്തുന്നത്.
Content Highlights: Oman-based Malayali expatriates are gearing up for Onam celebrations, with preparations for various cultural and festive programmes now entering the final stage ahead of the celebrations.