പിണറായിക്കെതിരായ ലേഖനം: 'സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതി'; കടുപ്പിച്ച് വി ശിവന്‍കുട്ടി

അഭിപ്രായപ്രകടനം രാഷ്ട്രീയ മര്യാദയ്ക്കു യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പിണറായിക്കെതിരായ ലേഖനം: 'സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതി'; കടുപ്പിച്ച് വി ശിവന്‍കുട്ടി
dot image

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് തര്‍ക്കത്തിനിടെ പിണറായി വിജയനെതിരെ സിപിഐ മുഖപത്രം ജനയുഗത്തില്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മോക്കേരി എഴുതുയ ലേഖനത്തിനെതിരെ പ്രതികരണവുമായി വി ശിവന്‍കുട്ടി രംഗത്ത്. ജനയുഗത്തിലെ ലേഖനം ശ്രദ്ധയില്‍പെട്ടെന്നും ഇതൊരു പിടിവാശി മാത്രമാണെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. പിണറായി സ്വീകരിച്ച നിലപാട് ജനാധിപത്യപരമാണ്. പ്രായോഗിക രാഷ്ട്രീയ സാഹചര്യം വച്ചു കൊണ്ടാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ ലേഖനത്തിലൂടെ രാഷ്ട്രീയ മര്യാദ ലംഘിച്ചെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന സമീപനമാണ് അതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

മുന്നണിയിലെ വിഷയങ്ങള്‍ പത്രങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. ഉപനേതാവ് പദവി ലഭിക്കാത്തതില്‍ സിപിഐ നടത്തുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. അഭിപ്രായപ്രകടനം രാഷ്ട്രീയ മര്യാദയ്ക്കു യോജിക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭ ഉപനേതാവ് സ്ഥാനം നേരത്തെ മുതല്‍ വഹിക്കുന്നത് സിപിഐഎം ആണ്. സിപിഐക്ക് ഉള്ള മന്ത്രിസ്ഥാനം വേറെ ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ച അദ്ദേഹം മുന്നണി നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള കാര്യമാണ് പിണറായി വിജയന്‍ പറഞ്ഞത് എന്നും ചൂണ്ടിക്കാട്ടി.

സത്യന്‍ മൊകേരി ലേഖനത്തിലൂടെ മുന്നണി മര്യാദ ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നണി വിപുലീകരണത്തിനുള്ള താല്പര്യം സിപിഐക്ക് കാണുന്നില്ല. പിണറായി വിജയനെ വ്യക്തിപരമായി ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കവും നടക്കുന്നു. മുന്നണി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പത്രങ്ങളിലൂടെ അല്ല പറയേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പിഎംശ്രീ വിഷയത്തിലും പ്രശ്‌നം വഷളാക്കിയത് സിപിഐ ആണെന്നും ശിവകുട്ടി പറഞ്ഞു. സിപിഐ അധികാരത്തിനു വേണ്ടി ആശയം മാറ്റുന്ന സ്ഥിതിയില്‍ ആയി എന്നും ജനയുഗത്തിലെ ലേഖനം കൂട്ടായി ആലോചിച്ച് തയ്യാറാക്കിയത് ആണെന്നമായിരുന്നു കടുത്ത ഭാഷയിലുള്ള വിമര്‍ശനം. അല്ലെന്ന് ആണെങ്കില്‍ നേതാക്കള്‍ മറുപടി പറയാന്‍ തയ്യാറാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ജനയുഗത്തില്‍ സത്യന്‍ മോക്കേരി എഴുതിയ ലേഖനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ പിണറായിയുടെ പ്രസ്താവന മുന്നണി മര്യാദകളുടെ ലംഘനവും, ധാര്‍മികത ഇല്ലായ്മയും ആണെന്നായിരുന്നു രൂക്ഷ വിമര്‍ശനം. എല്ലാം താനാണ് എന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രസ്താവന എന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ നേതാവിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നതല്ല ഉപ നേതാവ് പദവി. പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്നതാണ്. പ്രസ്താവന ഇടതുപക്ഷത്തിന് യോജിക്കുന്നതല്ലെന്നും ലേഖനം വിമര്‍ശിച്ചു.

Content Highlights: Minister V Sivankutty has criticised a Janayugam article written by CPI state assistant secretary Sathyam Mokkeri amid the dispute over the Deputy Opposition Leader post. Sivankutty defended Pinarayi Vijayan’s position as democratic and based on practical political circumstances, while accusing the CPI article of violating political decorum and criticising the Opposition Leader.

dot image
To advertise here,contact us
dot image